നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി ദിലീപിനെ വെറുതേ വിട്ട സംഭവത്തിൽ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. വ്യക്തിപരമായി ഇതെനിക്ക് സന്തോഷം തരുന്ന വാർത്തയാണ്. ദിലീപേട്ടനെ പോലെ ഒരാൾ തെറ്റ് ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
ഈ വിധിയിൽ സന്തോഷമുണ്ടെങ്കിലും, താൻ അതിജീവിതയ്ക്ക് എതിരല്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ദിലീപിനെ ‘അമ്മ’ സംഘടനയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ജനറൽ ബോഡിയിലാണ് എടുക്കുന്നത്. താൻ ‘അമ്മ’യുടെ വക്താവല്ല അതുകൊണ്ട് അത് പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മിപ്രിയയുടെ പറഞ്ഞു.
‘‘അമ്മ സംഘടനയിൽ തീരുമാനങ്ങൾ എടുത്തിട്ടുണ്ട് അത് അവിടെനിന്ന് അറിയിക്കും. ഞാൻ ‘അമ്മ’യുടെ വക്താവല്ല. ദിലീപേട്ടനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ജനറൽ ബോഡിയിൽ ആണ് എടുക്കുന്നത്. അതെല്ലാം ഔദ്യോഗിക ഭാരവാഹികൾ തന്നെ പറയും. എനിക്ക് അത് പറയാൻ ബുദ്ധിമുട്ടുണ്ട്. ഈ വിധിയിൽ എനിക്ക് വ്യക്തിപരമായി സന്തോഷമുണ്ട്.
വ്യക്തിപരമായി ഇതെനിക്ക് സന്തോഷം തരുന്ന വാർത്തയാണ്. ദിലീപേട്ടനെ പോലെ ഒരാൾ തെറ്റ് ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത്. രണ്ടുപേരും നമ്മുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആണ്. പക്ഷേ ഇദ്ദേഹം അത് ചെയ്യില്ല എന്നൊരു വിശ്വാസമാണ് എനിക്ക് അന്നും ഇന്നും ഉള്ളത്. ഞാൻ അത് തുറന്നു പറഞ്ഞിട്ടുണ്ട്.
ഈ വിധിയിൽ എനിക്ക് സന്തോഷമുണ്ട്. എന്നുകരുതി ഞാൻ നടിക്കൊപ്പം അല്ല എന്നില്ല. ഇത് കോടതിവിധിയാണ്, നമ്മൾ തീരുമാനിക്കുന്നതുപോലെ അല്ല കാര്യങ്ങൾ. അതിനെ നമ്മൾ ബഹുമാനിക്കണം, കോടതി വിധിയെ അംഗീകരിക്കുന്നു. നമ്മൾ എന്താണ് വിചാരിച്ചിരുന്നത് അത് വന്നതിൽ സന്തോഷമുണ്ട്. ഇനി വിധി മറിച്ചായിരുന്നെങ്കിലും തീർച്ചയായും ആ കോടതിവിധിക്കൊപ്പം നിന്നേനെ.’’ ലക്ഷ്മിപ്രിയ പറഞ്ഞു.
















