നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ മേജർ രവി രംഗത്ത്. കേസിൽ ദിലീപിനനുകൂലമായ കോടതി വിധി വന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് മേജർ രവി വ്യക്തമാക്കി. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് മേജർ രവി പ്രതികരിച്ചത്.
‘‘നടിയെ ആക്രമിച്ച കേസിൽ ദിലീപിനനുകൂലമായ കോടതി വിധിയിൽ എനിക്ക് സന്തോഷമുണ്ട്. കോടതി കേസ് സമഗ്രമായി പരിശോധിച്ചു, അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ചവർ തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടു. കുറ്റവാളികൾക്ക് സമൂഹത്തിൽ ഒരു പാഠമായിരിക്കാൻ കഠിനമായ ശിക്ഷ ലഭിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.’’ മേജർ രവി പറഞ്ഞു.
കോടതി വിധിക്ക് പിന്നാലെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, അഖിൽ മാരാർ , നിർമ്മാതാവ് ജി സുരേഷ് കുമാർ തുടങ്ങിയവർ ദിലീപിനെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നു.
















