നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രോസിക്യൂഷന്റെ വീഴ്ചകൾ തുറന്നടിച്ച് നിർമാതാവ് ലിബർട്ടി ബഷീർ. വിധി താൻ നേരത്തേ പ്രതീക്ഷിച്ചതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കേസിന്റെ വിധി ഇത്തരത്തിലാകാൻ കാരണം പ്രോസിക്യൂഷന്റെ പിടിപ്പു കേടാണെന്ന് ലിബർട്ടി ബഷീർ ആരോപിച്ചു.
‘‘ഈ വിധി നേരത്തെ പ്രതീക്ഷിച്ച വിധിയാണ്. ആറു പ്രതികൾ ശിക്ഷിക്കപ്പെട്ടു. അത് സത്യം തന്നെയാണ്. എങ്കിലും ഇത് പ്രോസിക്യൂഷന്റെ വിജയമായി ഞാൻ കാണുന്നില്ല. ആദ്യഘട്ടത്തിൽ ഒരു പ്രോസിക്യൂഷൻ വന്നു, രണ്ടാം ഘട്ടത്തിൽ മറ്റൊരു പ്രോസിക്യൂഷൻ വന്നു, മൂന്നാമത്തെ ഘട്ടത്തിലും പ്രോസിക്യൂഷൻ വേറെ വന്നു. ഈ കുട്ടിയോട് പല പ്രാവശ്യം ഞാൻ നേരിട്ട് ആവശ്യപ്പെട്ടതാണ് സ്വന്തമായി ഒരു വക്കീലിനെ വയ്ക്കാൻ. ഏത് പ്രതിക്കും സ്വന്തമായി ഒരു വക്കീലിനെ വയ്ക്കാൻ അവകാശമുണ്ട്. പല പ്രാവശ്യവും ഞാൻ തിരുവനന്തപുരത്ത് ക്യാംപ് ഹൗസിൽ പോയി സന്ധ്യ മാഡത്തെ നേരിട്ട് കണ്ടു പറഞ്ഞതാണ്, ‘‘മാഡം, ഈ പ്രോസിക്യൂഷനും വക്കീൽമാരും പോരാ, സുപ്രീം കോടതിയിൽ നിന്ന് നല്ലൊരു വക്കീലിനെ കൊണ്ടുവരണം അതിനുള്ള ധനസഹായം ഞാൻ ചെയ്യാം’’. പക്ഷേ അവർ സമ്മതിച്ചില്ല മാഡം ആലോചിച്ച് പറയാം എന്ന് പറഞ്ഞു. ഇത് പ്രോസിക്യൂഷന്റെ വീഴ്ച തന്നെയാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ദിലീപ് കേരളത്തിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും പ്രഗത്ഭന്മാരായ വക്കീലന്മാരെ കൊണ്ടുവന്നു. പൈസ ചെലവാക്കുന്നവർക്ക് മാത്രമേ ന്യായം കിട്ടൂ എന്നാണ് ഇന്നത്തെ അവസ്ഥ. ഈ വിധി ഞങ്ങൾ പ്രതീക്ഷിച്ചതാണ്. കാരണം ഈ കേസിന്റെ വിചാരണ വേളയിൽ ഈ കുട്ടിക്കുണ്ടായ തിക്താനുഭവം ഓരോ സമയത്തും നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതെല്ലാം കണ്ടും കെട്ടുമാണ് നല്ലൊരു വക്കീലിനെ വയ്ക്കാൻ ഉപദേശിച്ചത്. ഈ കുട്ടിയെ സിനിമയിൽ കൊണ്ടുവന്ന വ്യക്തിയാണ് ഞാൻ. എനിക്ക് അത്രയും അടുപ്പമുള്ള കുട്ടിയാണ്. എല്ലാം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാൻ പറഞ്ഞതൊന്നും അനുസരിച്ചില്ല. അവൾക്ക് സന്ധ്യാ മാഡം ലോക്കൽ ഗാർഡിയൻ പോലെ ആണ്. എന്തുകാര്യവും സന്ധ്യ മാഡത്തോട് ചോദിച്ചിട്ട് മാത്രമേ ചെയ്യൂ. ഒരിക്കലും ഈ കേസ് വിജയിക്കില്ല എന്ന് എനിക്ക് നേരത്തെ അറിയാം. മാനസികമായി ഈ കേസ് ഞാൻ ഒഴിവാക്കിയതാണ്. അവർക്കു വേണ്ടി വെറുതെ വാദിച്ചല്ലോ എന്ന തോന്നൽ പോലും ഉണ്ടായിട്ടുണ്ട്. ദിലീപും അതിജീവിതയും എന്റെ സുഹൃത്തുക്കളാണ്. ദിലീപിനെ കൂടി വെറുപ്പിച്ചാണ് ഞാൻ ഇവർക്കു വേണ്ടി നിന്നത്.
















