ആലപ്പുഴ മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) നെ ഏകമകനായ കൃഷ്ണദാസ് (39) ആണ് കൊലപ്പെടുത്തിയത്. കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെയായിരുന്നു സംഭവം നടന്നത്. കൃഷ്ണദാസും കനകമ്മയും നിരന്തരം വഴക്കാണ്. കഴിഞ്ഞ ദിവസം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ കാരണം കനകമ്മയാണെന്ന് പറഞ്ഞായിരുന്നു മർദിച്ചത് എന്നാണ് പോലീസ് പറയുന്നത്.
കൃഷ്ണദാസ് അന്നേ ദിവസം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ച എത്തി പണം ചോദിച്ച ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇന്നലെയും മദ്യപിച്ച എത്തി പണം ചോദിക്കുകയും കൂടാതെ ഭാര്യ പിണങ്ങി പോയത് ‘അമ്മ കാരണം ആണെന്ന് പറഞ്ഞും ആയിരുന്നു ഉപദ്രവിച്ചത്.
വീട്ടിൽ നിന്ന് നിലവിളിയും ബഹളവും നാട്ടുകാർ കേട്ടിരുന്നു. എന്നാൽ ഇവരുടെ വീട്ടിൽ നിന്ന് ബഹളം സ്ഥിരമായതിനാൽ നാട്ടുകാർ ശ്രദ്ധിച്ചില്ലായിരുന്നു. അങ്ങനെ രാവിലെ ആണ് കൃഷ്ണദാസ് അമ്മക്ക് അനക്കമില്ലന്നും ഇന്നലെ അമ്മയെ ഉപദ്രവിച്ചിരുന്നെന്നും നാട്ടുകാരെ വിളിച്ചു പറയുന്നത്. നാട്ടുകാർ ആണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ജനപ്രതിനിധികളും വീട്ടിലേക്ക് എത്തുകയും കനകമ്മ മരിച്ചുകിടക്കുന്നതും കാണുകയുമായിരുന്നു.
കൃഷ്ണദാസിന്റെ മർദനമേറ്റാണ് കനകമ്മ മരിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൃഷ്ണദാസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ. മുൻപ് പലതവണ മകൻ തന്നെ ഉപദ്രവിക്കുന്നതായി പരാതി നൽകുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
















