നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അടൂര്‍ പ്രകാശ് പരിഹസിച്ചു. സര്‍ക്കാരിന് വേറെ ജോലിയില്ലല്ലോയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
















