നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി നടനും സംവിധായകനുമായ ലാൽ. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി തന്റെ വീട്ടിൽ ഉണ്ടായ സംഭവങ്ങൾ അദ്ദേഹം വെളിപ്പെടുത്തി. പെൺകുട്ടി വീട്ടിലേക്ക് കയറി വന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്നങ്ങളുമൊക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരെയും കൊന്നു കളയണമെന്നാണ് തനിക്ക് തോന്നിയതെന്ന് ലാൽ പറഞ്ഞു. കൂടാതെ അന്നത്തെ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയെ വിളിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞത് താനാണെന്നും പി.ടി.തോമസ് അല്ലെന്നും നടൻ വെളിപ്പെടുത്തി.
ലാലിന്റെ വാക്കുകൾ:
ഞാൻ മിണ്ടണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. ആ കുട്ടി അന്ന് വീട്ടിലേക്ക് കയറി വന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്നങ്ങളുമൊക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരെയും കൊന്നു കളയണമെന്നാണ് എനിക്ക് ആ സമയത്ത് തോന്നിയത്. പക്ഷേ, പിന്നീട് നമ്മൾ സാവകാശം ചിന്തിക്കുമ്പോൾ അവർക്കെല്ലാവർക്കും കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടണം എന്നു പ്രാർഥിച്ചിരുന്നു. ഇന്നലെ വിധി വന്നു. അവർ ശിക്ഷിക്കപ്പെടുന്നു. എന്തായാലും അവർക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ആ വിധിയിൽ ഞാൻ സന്തോഷവാനാണ്.
പിന്നെ, ഈ ഗുഡാലോചനയുടെ കാര്യം… അത് പിന്നീട് കണ്ടെത്തിയ പ്രശ്നമാണ്. സത്യം പറഞ്ഞാൽ അതേക്കുറിച്ച് എനിക്ക് അറിയാവുന്നതിലപ്പുറം നിങ്ങൾക്കറിയാം. ഒരുപക്ഷേ, എന്നെക്കാൾ കൂടുതൽ നിങ്ങൾക്കറിയാം. നിങ്ങളെക്കാൾ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയാം. കോടതിക്ക് അറിയാം, അഭിഭാഷകർക്ക് അറിയാം. എല്ലാവർക്കും അറിയാം. ഏറ്റവും കുറവ് അറിയാവുന്ന ഒരാളാണ് ഞാൻ. അതിനെക്കുറിച്ച് ഞാനൊരു അഭിപ്രായം പറയുന്നതിൽ അർഥമില്ലെന്നു തോന്നുന്നു. പൂർണമായി അറിയാത്ത ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ്.
ഈ കേസിനെ സംബന്ധിച്ചിടത്തോളം, ഇത് തെളിയിക്കാൻ വേണ്ടി എന്റെ വശത്തു നിന്നുള്ള കോൺട്രിബ്യൂഷൻ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അന്ന് ആ കുട്ടി വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ ആദ്യം ബെഹ്റ സാറിനെ ഫോൺ ചെയ്ത് വിവരം അറിയിക്കുന്നത് ഞാനാണ്, അല്ലാതെ പി.ടി തോമസ് ഒന്നുമല്ല. അതിനുശേഷമാണ് പി.ടി.തോമസൊക്കെ വന്നത്. അതുപോലെ തന്നെ ഇടയ്ക്കെപ്പോഴോ പി.ടി തോമസ് സർ ഈ മാർട്ടിൻ എന്നു പറയുന്ന ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം, അയാൾക്ക് നല്ല പെയ്ൻ ഉണ്ട്, എന്നു പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത്, അതു നിൽക്കട്ടെ… എനിക്ക് അവനെ സംശയമുണ്ട് എന്ന് പറഞ്ഞത് ഞാനാണ്. ഞാൻ ഒരു നടൻ ആയതു കൊണ്ട് അവന്റേത് അഭിനയം ആണെന്ന് എനിക്ക് സംശയം തോന്നിയിരുന്നു. ഒരു ഉത്തരേന്ത്യൻ പൊലീസ് ഒാഫിസറോട് ഞാൻ ഇതു പറഞ്ഞതോടെയാണ് പൊലീസ് മാർട്ടിനെ കൊണ്ടു പോയത്. അത് ഞാൻ ചെയ്ത വലിയൊരു കാര്യം ആണെന്ന് വിശ്വസിക്കുന്നു. അതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം.
അതിനുശേഷം പിന്നെ കോടതിയിലും പ്രോസിക്യൂഷനോടും ഒക്കെ എല്ലാ കാര്യങ്ങളും ഞാനും എന്റെ കുടുംബവും കുടുംബത്തിലെ എല്ലാ വ്യക്തികളും കിറുകൃത്യമായി ഒരു ചെറിയ സമയം പോലും തെറ്റാതെ അറിയിച്ചിട്ടുണ്ട്. അതൊക്കെയാണ് എന്റെ ഭാഗത്തു നിന്നുള്ള കോൺട്രിബ്യൂഷൻ. പിന്നെ ഭാവികാര്യങ്ങളെ പറ്റി ഊഹങ്ങളും തെറ്റിദ്ധാരണകളും ശരിയായ ധാരണകളും ഒക്കെയാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ. അതിൽ ഏതാണ് ശരി എന്ന് നമുക്ക് അറിയില്ല. അറിയാത്ത ഒരു കാര്യത്തെപ്പറ്റി മറുപടി പറയാൻ ഞാൻ തൽപരനല്ല. കൂടുതലൊന്നും എനിക്ക് പറയാനില്ല. എനിക്ക് അറിയാവുന്നതൊക്കെ, ഈ കേസിൽ സഹായിക്കാവുന്നതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി കേസ് സുപ്രീം കോടതി വരെ പോവുകയാണെങ്കിൽ അപ്പോഴും എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ, എനിക്ക് പുതുതായി എന്തെങ്കിലും അറിയാൻ കഴിയുമോ അതും ഞാൻ തീർച്ചയായും അറിയിച്ചിരിക്കും.
എന്റെ കയ്യിൽ അവരെ കിട്ടിയിരുന്നെങ്കിൽ ഞാൻ അന്നു തന്നെ അവരെ അക്രമിച്ചേനെ. അവരെ കോടതി ശിക്ഷിച്ചു. ഒരുപാട് സന്തോഷമുള്ള കാര്യമാണ്. വിധി വന്നത് ശരിയാണോ തെറ്റാണോ എന്നു പറയാൻ ഞാൻ ആളല്ല. എന്തുകൊണ്ടാണ് വിധി എന്നും എനിക്ക് അറിയില്ല. വിധിയുടെ പകർപ്പ് കിട്ടിയിട്ടില്ല. (ദിലീപ്) കുറ്റവാളിയേ അല്ല എന്ന അർഥത്തിലാണോ അല്ലെങ്കിൽ തെളിവുകൾ പൂർണമായും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ള അർഥത്തിലാണോ എന്നും അറിയില്ല. അത് അറിയാത്തിടത്തോളം കാലം ഊഹാപോഹ കഥകൾ പറയാൻ ഞാൻ ആളല്ല. ഈ വിധിക്കു ശേഷം ഞാൻ അവരെ (നടിയെ) വിളിച്ചിട്ടില്ല. എനിക്ക് വലിയ ബുദ്ധിമുട്ടാണ്. ഞാൻ വലിയ കൺഫ്യൂഷനിലും ടെൻഷനിലും സമാധാനക്കേടിലും ആണ്. സന്തോഷിക്കണോ സങ്കടപ്പെടണോ ഒന്നും അറിയാൻ പാടില്ലാത്ത അവസ്ഥയിലാണ്.
















