നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതില്‍ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. കുറ്റവാളി അല്ലാതിരുന്നിട്ടും താൻ ശിക്ഷിക്കപ്പെട്ടുവെന്ന് ദിലീപിന് തോന്നിയാൽ അതിൽ എന്താണ് തെറ്റെന്നും നടൻ മാധ്യമങ്ങളോട് ചോദിച്ചു.
‘ഏത് കേസിലും വിധി വരുമ്പോൾ പ്രതീക്ഷിക്കുന്നത് കിട്ടാത്തവർക്ക് പ്രതിഷേധവും ആക്ഷേപവുമുണ്ടാകും. ഡബ്ല്യുസിസിയുടെ പ്രതിഷേധം സ്വാഭാവികമാണ്. ഗൂഢാലോചന തനിക്കെതിരെ നടന്നു എന്ന് ദിലീപും പറയുന്നുണ്ട്. ഗൂഢാലോചന വ്യക്തമാക്കേണ്ടത് അവരാണ്, ഞാനല്ല. ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല എന്നാണ് കോടതി പറയുന്നത്. അതിലും വലിയ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല.
ഞാൻ ഈ കേസിൽ കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്നയാളാണ്. ഇനി മേൽക്കോടതി ഇത് സംബന്ധിച്ച് വേറെയെന്തെങ്കിലും ഒരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാം. അല്ലാതെ ഞാനിത് മുഴുവൻ ഇഴകീറി പരിശോധിച്ചയാളല്ല. അതുകൊണ്ട് കോടതി പറയുന്നതിനോടാണ് എനിക്ക് വിശ്വാസ്യത. ദിലീപ് വേട്ടയാടപ്പെട്ടു എന്നാണ് അയാളുടെ വികാരം. ഞാനിതിൽ കാഴ്ചക്കാരൻ മാത്രമാണ്, ഏതെങ്കിലും പക്ഷത്തുള്ള ആളല്ല. ദിലീപ് കുറ്റവാളിയല്ല എന്ന് കോടതി പറയുമ്പോൾ, അയാൾ കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം അയാളിൽ ഉണ്ടായതിൽ എന്താണ് തെറ്റ്?
കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ദിലീപിനെതിരെ പൊലീസുദ്യോഗസ്ഥരടക്കം ഗൂഢാലോചന നടത്തി എന്നാണ് അയാൾ പറയുന്നത്. നമ്മുടെ രാജ്യത്ത് പൊലീസുദ്യോഗസ്ഥർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ? എനിക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന് ഒരാൾ പറയുമ്പോൾ ഞാനല്ലല്ലോ അത് പരിശോധിക്കേണ്ടത്,’ രൺജി പണിക്കർ പറഞ്ഞു.
നടിയെ അക്രമിച്ച കേസിൽ എട്ടു വർഷത്തിനു ശേഷമാണ് തിങ്കളാഴ്ച വിധി വന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
















