സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12-ന്, അദ്ദേഹത്തിൻ്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘യെജമാൻ’ പ്രേക്ഷകർക്കായി വീണ്ടും തീയേറ്ററുകളിലെത്തുന്നു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്താൽ മെച്ചപ്പെടുത്തിയ ദൃശ്യപ്പൊലിമയോടെയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.
ആദർശ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എ.വി.എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആർ.വി. ഉദയകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം 1993-ലാണ് ആദ്യം പുറത്തിറങ്ങിയത്.
സ്വന്തം നാടിനും ജനങ്ങൾക്കും വേണ്ടി ജീവിച്ച, അവരുടെ ‘യെജമാൻ’ ആയി മാറിയ ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്.
എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന മികച്ച കഥാതന്തുവാണ് ഈ ചിത്രത്തെ വൻ വിജയമാക്കി മാറ്റിയത്. തമിഴ്‌നാട്ടിലും കേരളത്തിലും 175 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചുകൊണ്ട് ചിത്രം ഒരു വലിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ആദ്യ കാലത്ത് തനിക്ക് അവസരം നിഷേധിച്ച എ.വി.എം പ്രൊഡക്ഷൻസിന്, ഈ ചിത്രത്തിലൂടെ ഒരു ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച് രജനികാന്ത് തൻ്റെ പ്രതികാരം വീട്ടിയ കഥയും ‘യെജമാൻ’ ചിത്രത്തിൻ്റെ ചരിത്രത്തിൽ ശ്രദ്ധേയമാണ്. പിന്നീട് അദ്ദേഹം എ.വി.എമ്മിന്റെ ഇഷ്ട നടനായി മാറുകയും ചെയ്തു.
രജനികാന്തും വില്ലൻ വേഷത്തിലെത്തിയ നെപ്പോളിയനും തമ്മിൽ, മീന അവതരിപ്പിക്കുന്ന വൈത്തീശ്വരി എന്ന കഥാപാത്രത്തെ സ്വന്തമാക്കാൻ നടത്തുന്ന കാളവണ്ടി മത്സരം ഉൾപ്പെടെയുള്ള രംഗങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
1993-ൽ പുറത്തിറങ്ങിയ ഈ ക്ലാസിക് ചിത്രം പുതിയ തലമുറയ്ക്കും തീർച്ചയായും ഒരു വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കും.
ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ: നിർമ്മാണം – എ.വി.എം പ്രൊഡക്ഷൻസ്, രചന/സംവിധാനം – ആർ.വി. ഉദയകുമാർ, സംഗീതം – ഇളയരാജ, ക്യാമറ – കാർത്തിക് രാജ, എഡിറ്റർ – നാഗരാജ്, വിതരണം – ആദർശ് ഫിലിംസ്, പി.ആർ.ഒ – അയ്മനം സാജൻ. രജനികാന്ത്, മീന, ഐശ്വര്യ, എം.എം. നമ്പ്യാർ, നെപ്പോളിയൻ, കൗണ്ടമണി, മനോരമ, വിജയകുമാർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
















