1980-കളിൽ ബോളിവുഡിൽ തിളങ്ങിയ താരമായിരുന്നു നടി രതി അഗ്നിഹോത്രി. ‘ഏക് ദുജെ കേ ലിയേ’യും ‘കൂലി’ തുടങ്ങിയ സിനിമകളിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. 1985-ലാണ് അവർ ബിസിനസുകാരനും ആർക്കിടെക്റ്റുമായ അനിൽ വിർവാനിയെ താരം വിവാഹം ചെയ്തു. ശേഷം അവർ കുടുംബജീവിതം കെട്ടിപ്പടുക്കാൻ സിനിമ ജീവിതം ഉപേക്ഷിച്ചു. ഇപ്പോഴിതാ 30 വർഷത്തോളം ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് രതി അഗ്നിഹോത്രി.
തന്റെ സ്വകാര്യജീവിതം അത്ര മനോഹരമായിരുന്നില്ലെന്ന് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് രതി അഗ്നിഹോത്രി. താൻ ഗാർഹികപീഡനത്തിനിരയാണെന്നും 30 വർഷത്തോളം ഇത് സഹിച്ച് സന്തുഷ്ടയായി അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു. വിവാഹത്തിന്റെ തുടക്കത്തിൽ തന്നെ പീഡനം ആരംഭിച്ചെന്നുപറഞ്ഞ അവർ രണ്ട് കാരണങ്ങൾ കൊണ്ടാണ് വിവാഹബന്ധം തുടർന്നതെന്ന് പങ്കുവെച്ചു.
‘വിവാഹം വളരെ പവിത്രമാണെന്ന് ഞാൻ കരുതുന്നു. പിന്നെ മകനെ വളർത്തുക എന്ന ഉത്തരവാദിത്തവും. വലുതായപ്പോൾ അവൻ എന്നെ നന്നായി പിന്തുണച്ചു. കുറച്ചുനാൾ കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്ന ഉറപ്പിലാണ് വേദനകൾ സഹിച്ചത്. പലപ്പോഴും ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഞാൻ കൊല്ലപ്പെടും എന്ന പേടിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞത്. സഹിക്കവയ്യാതെ 2015-ൽ പോലീസിൽ പരാതി കൊടുത്തു. പിന്നീടൊരിക്കലും തിരിച്ച് ആ വീട്ടിലേക്ക് പോയിട്ടില്ല’, രതി അഗ്നിഹോത്രിയുടെ വാക്കുകൾ.
ആരും കാണാത്തിടത്താണ് മർദിച്ചതെന്നും അതുകൊണ്ടാണ് പാടുകൾ കാണാതിരുന്നതെന്നും താരം വെളിപ്പെടുത്തി. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് രതി ഇപ്പോൾ പോളണ്ടിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. അവിടെ സഹോദരി അനീതയോടൊപ്പം ഒരു റെസ്റ്റോറന്റ് നടത്തുകയാണ് അവർ. രതിയുടെ മകൻ തനുജ് അഭിനേതാവാണ്.
















