നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ സിനിമാ സംഘടനയായ ഫെഫ്കയിൽ നിന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി രാജി പ്രഖ്യാപിച്ചത് ചലച്ചിത്ര മേഖലയിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഈ വിഷയത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കി ഭാഗ്യലക്ഷ്മി മാധ്യമങ്ങൾക്ക് മുൻപിലെത്തി. വിധി കേട്ട് അവളിങ്ങനെ ഷോക്ക് അടിച്ചതുപോലെ ഇരിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചില്ല, അന്നു രാത്രി അവൾക്കൊപ്പമുള്ള ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
‘‘വിധി വന്ന് അടുത്ത സെക്കൻഡ് തന്നെ ഞാനും കൂടി ഉൾപ്പെടുന്ന സിനിമാപ്രവർത്തകർ കുറ്റാരോപിതനെ, ഞാനിപ്പോഴും കുറ്റാരോപിതൻ എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്, കാരണം ഇതൊരു കോടതിയുടെ അന്തിമവിധിയല്ല. ഇനിയുമുണ്ട് ഇവിടെ കോടതികൾ. ഹൈക്കോടതിയുണ്ട്, സുപ്രീം കോടതിയുണ്ട്. ഇനിയും പല കാര്യങ്ങളും കോടതികൾ അറിയാനുണ്ട്, കോടതിയോട് പറയാനുണ്ട്, ഒരുപാട് കാര്യങ്ങളുണ്ട്. ഇതെല്ലാം അവിടെ നിൽക്കുമ്പോൾ, എട്ടുവർഷത്തിനുശേഷം ഒരു ബന്ധുവീട്ടിലേക്ക് തിരിച്ചുവരുന്നതുപോലുള്ള സ്വീകരണവും സന്തോഷവാക്കുകളുമൊക്കെ ഇവർ പറയുന്നത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല. വിധി സമയത്ത് തന്നെ, വിധി കേട്ടപ്പോൾ തന്നെ ഞങ്ങൾ സ്വിച്ച് ഓഫ് ചെയ്ത് മാറി ആ മുറിയിൽ പോയിരുന്നു. ഷോക്കടിച്ചപോലെ ഞങ്ങൾ എല്ലാവരും അവിടെ ഇരുന്നു. പക്ഷേ, പിന്നീട് വൈകുന്നേരം ഒക്കെ ആയപ്പോഴാണ് ഓരോന്നോരോന്നായിട്ട് ഞാൻ അറിയുന്നത്.
വിധി വന്ന ദിവസം ഞാൻ അവൾക്കൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കു ശേഷം നമുക്ക് ടിവി ഒക്കെ കണ്ടാൽ മതി നീ മുകളിൽ എവിടെയെങ്കിലും പോയി ഇരിക്കണം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അവൾ വല്ലാതെ റെസ്റ്റ്‌ലെസ്സ് ആയിരുന്നു. ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഒക്കെ അവൾ മുകളിൽ അവളുടെ മുറിയിൽ തന്നെയായിരുന്നു. ടിവി കാണാൻ ഒന്നും വന്നില്ല. ഞാനും അവളുടെ കുറച്ച് വളരെ അടുത്ത് സുഹൃത്തുക്കൾ ശിൽപ, മൃദുല എന്നൊക്കെ പറയുന്ന കുട്ടികൾ പിന്നെ അവളുടെ ബ്രദേഴ്സ് രണ്ടുപേരും ഉണ്ടായിരുന്നു. അമ്മയും ഞങ്ങളും മാത്രം ടിവിയുടെ മുമ്പിൽ ഇരുന്ന് കണ്ടുകൊണ്ടിരുന്നു. ഏഴാം പ്രതിയെ വെറുതെ വിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു, സ്വിച്ച് ഓഫ് ചെയ്തോളൂ ഇനി അവിടുന്ന് അങ്ങോട്ട് ആർക്കും ശിക്ഷ ഉണ്ടാവാൻ വഴിയില്ലെന്ന്. അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തു.
താഴെ വച്ചിരിക്കുന്ന ടിവിയുടെ ശബ്ദം മുകളിൽ അവൾ കേൾക്കുന്നുണ്ടല്ലോ. ഞങ്ങൾ അവളുടെ അടുത്തേക്ക് പോയപ്പോൾ അവളിങ്ങനെ ഷോക്ക് അടിച്ചതുപോലെ ഇരിക്കുന്നുണ്ടായിരുന്നു. ‘ഞാനിനി എന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചു. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല, ആരും ഭക്ഷണം കഴിച്ചില്ല. എല്ലാവരും വൈകുന്നേരം വരെ അങ്ങനെ സൈലന്റ് ആയിട്ട് തന്നെ ഇരുന്നു. അപ്പീലിന് പോകുന്നതിനെക്കുറിച്ച് ഒന്നും സംസാരിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അവളെ ഒന്ന് ആ സമയത്ത് ഒന്ന് സമാധാനിപ്പിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.
നൂറ് ശതമാനം നീതി കിട്ടിയില്ല എന്നുള്ള ഒരു വികാരമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. കോടതിമുറിക്കുള്ളിൽ അവൾ ഒരുപാട് അനുഭവിച്ചല്ലോ. രണ്ടു മണിക്കൂർ ആ തെരുവിൽ അനുഭവിച്ചതിന്റെ നൂറിരട്ടി 15 ദിവസം കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അത് അവൾ പറയുമ്പോഴേ നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ. ഞാൻ പറയുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് കിട്ടണമെന്ന് ഇല്ല. ആ സംഭവത്തെക്കുറിച്ച് എന്നോട് പറയുമ്പോൾ അത് കേൾക്കുക എന്ന് പറയുന്ന ഒരു വലിയ ശിക്ഷയാണത്. അതേപോലെ തന്നെ അവളുടെ ഓരോ വിചാരണ കഴിഞ്ഞതിനുശേഷം വീട്ടിൽ ചെന്നു കണ്ടിട്ടുണ്ട്. ‘എനിക്കു വയ്യ’ ചേച്ചി എന്നു പറയും.
മീഡിയയുടെ മുമ്പിൽ കാണുമ്പോൾ അവൾ ഭയങ്കരമായി ചിരിച്ചൊക്കെയാണ് നമ്മൾ കാണുന്നത്. അവൾക്ക് സർവൈവ് ചെയ്തേ പറ്റൂ. എപ്പോഴും കരഞ്ഞിരിക്കണം എന്ന് കരുതുന്നത് ഒരു വേട്ടക്കാരനാണ്. അവളുടെ ജീവിതം ഇല്ലാതെയാകണം, അവള്‍ കരയണം എന്നതാണ് അവരുടെ ലക്ഷ്യം.
ഞങ്ങളാണ് അവളോട് പറയുന്നത്, ഒരിക്കലും നീ കരയരുത്. ഹസ്ബൻഡ് പോലും അവളെ എല്ലാ നിമിഷവും വിളിച്ചുകൊണ്ടിരിക്കുകയാണ്. പനിയായിട്ടാണ് അദ്ദേഹത്തിന് വരാൻ പറ്റാതെ പോയത്. ഞാനുണ്ടല്ലോ നിന്നോടൊപ്പം! നീ എന്തിനാണ് ഇങ്ങനെ അപ്സെറ്റ് ആകുന്നത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതൊക്കെയാണ് ഏറ്റവും വലിയ ആശ്വാസം. മാനസികമായ ധൈര്യം കൊടുത്ത് അവളെ മുൻപോട്ട് കൊണ്ടുപോവുക എന്നുള്ളത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. അവസാനം വരെ ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും.
ഇന്നലെ രാത്രി മുഴുവനും അവളും ഉറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. രാത്രി മുഴുവൻ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചു. രാവിലെ ഞാൻ വിചാരിച്ചു ഫെഫ്കയിലേക്ക് ഒരു മെയിൽ അയയ്ക്കാം. പക്ഷേ, ഈ മെയിൽ അയച്ചാൽ അത് ആരും അറിയാതെ അവിടെ കിടക്കുകയേ ഉള്ളൂ. പക്ഷേ, ഇത് എല്ലാവരും അറിയണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ പ്രതിഷേധം എല്ലാവരും അറിയണം. ഈയൊരു അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല, ഏതൊരു വ്യക്തിക്ക് പ്രശ്നം വന്നാലും, പ്രശ്നം അനുഭവിക്കുന്നവർക്കുവേണ്ടി നിൽക്കുക. എനിക്ക് അതിൽ എന്ത് നഷ്ടം സംഭവിക്കുന്നു എന്നൊന്നും ഞാൻ നോക്കുന്നില്ല. എനിക്ക് പ്രത്യേകിച്ച് ലാഭവും നേട്ടവും ഒന്നും നോക്കേണ്ട ആവശ്യമില്ല. അത് എന്റെ ചെറുപ്പകാലത്തും ഞാൻ നോക്കിയിട്ടില്ല. എനിക്ക് ഇന്ന് രാവിലെ തോന്നി ഇങ്ങനെ ഒരു വീഡിയോ ഇടണമെന്ന്. അങ്ങനെയാണ് ഈ വിഷയത്തിൽ ഞാൻ ഒരു വിഡിയോ ഇട്ടതും തീരുമാനം അറിയിച്ചതും.
എന്നെ അവിടെ നിന്നും ആരും വിളിച്ചിട്ടൊന്നുമില്ല. അവർ വിളിക്കുകയും ഇല്ല. അവരെ സംബന്ധിച്ച് ഭാഗ്യലക്ഷ്മി എന്ന ഒരു വ്യക്തി ആ സംഘടനയിൽ ഇല്ലാതെ പോയതുകൊണ്ട് പ്രത്യേകിച്ച് നഷ്ടമൊന്നും സംഭവിക്കില്ല. പക്ഷേ, ഞാൻ എന്നും അവർക്ക് ഒരു തലവേദന ആയിരിക്കും. ഞാൻ അവിടെ നിരന്തരം പ്രശ്നങ്ങളും പറഞ്ഞ് വഴക്കുകൂടിക്കൊണ്ടിരുന്ന ഒരാൾ തന്നെയായിരുന്നു.
2018ൽ ഈ സംഭവം നടന്ന് അന്ന് ചാനൽ ചർച്ചകളിൽ സംസാരിക്കുമ്പോൾ ഫെഫ്കയുടെ സെക്രട്ടറി ‘സംഘടന എന്നും അതിജീവിതയോടൊപ്പം’ എന്ന വാക്കാണ് ഉപയോഗിച്ചത്. എനിക്കിന്നും ഓർമയുണ്ട്. ഒരു ചാനലിൽ അദ്ദേഹം പറയുന്നത് ഞാൻ ഒരുപാട് അഭിമാനത്തോടുകൂടി കണ്ടു. കാരണം, ഞാനും കൂടി ചേർന്ന് രൂപീകരിച്ച ഒരു പ്രസ്ഥാനമാണത്. 7000ൽ അധികം തൊഴിലാളികൾ, ഇപ്പോൾ ടെലിവിഷൻ സംഘടനയും കൂടിയായപ്പോൾ ഏകദേശം 18000-20000 അടുപ്പിച്ച് അംഗങ്ങളുള്ള ഒരു സംഘടനയാണ്. അപ്പോൾ അതൊരു വലിയ ശക്തിയാണ്. അത്രയും വലിയൊരു ശക്തി ‘ഞങ്ങൾ നിന്നോടൊപ്പം നിൽക്കുന്നു’ എന്ന് പറയുമ്പോൾ അതിജീവിതയ്ക്ക് കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അങ്ങനെ ഒരു സംഘടനയുടെ പ്രതിനിധി മാധ്യമങ്ങളിലൂടെ വന്ന് ‘തീർച്ചയായിട്ടും ഞങ്ങൾ അവളോടൊപ്പമാണ്’ എന്ന് പറയുമ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി.
പക്ഷേ, അധികം വൈകാതെ മൂന്നോ നാലോ മാസത്തിനുള്ളിൽ അദ്ദേഹം ഈ പ്രതിസ്ഥാനത്ത് നിന്നിരുന്ന വ്യക്തിയെ വച്ച് ഒരു സിനിമ ചെയ്യുന്നു എന്ന് ഞാൻ അറിഞ്ഞു. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തോട് പറഞ്ഞു, ‘ഈ പടം ചെയ്യാൻ പാടില്ല. ഇത് നമ്മൾ അവളോട് കാണിക്കുന്ന അനീതിയാണ്. അവളോടൊപ്പം എന്ന് പറയുകയും അവനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു ഇരട്ടത്താപ്പ് നമ്മൾ കാണിക്കരുത്’ എന്ന് ഞാൻ പറഞ്ഞു. ജനറൽ കൗൺസിൽ വെക്കാം എന്ന് അദ്ദേഹം പറഞ്ഞു. ജനറൽ കൗൺസിലിൽ വെച്ചു. 54 പേർ അടങ്ങുന്ന ഒരു ജനറൽ കൗൺസിൽ ആയിരുന്നു അന്ന് നടന്നത്. അവിടെ വെച്ച് ഞാൻ എന്റെ ഈ അഭിപ്രായം പറഞ്ഞു. നമുക്കൊക്കെ അറിയാമല്ലോ, സംസാരിക്കാൻ വളരെ അതിവിദഗ്ദമായി സംസാരിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് മുമ്പിൽ ഞാനൊന്നും ഒന്നുമല്ല. എനിക്കൊന്നും അങ്ങനെയൊന്നും സംസാരിക്കാൻ ഏത് ജന്മത്തിൽ സാധിക്കുമെന്ന് അറിയില്ല. അത്രമാത്രം ന്യായീകരണങ്ങളും അത്രമാത്രം ഭാഷയും അത്രമാത്രം നിയമങ്ങളും എല്ലാം അരച്ചുകലക്കി കുടിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്. ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു എനിക്ക്, ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു.
54 പേരടങ്ങുന്ന ജനറൽ കൗൺസിലിൽ 53 പേരും പുരുഷന്മാരായിരുന്നു. ഞാൻ ഒരു സ്ത്രീ മാത്രമേ ആ കൗൺസിലിൽ ഉണ്ടായിരുന്നുള്ളൂ. അന്നും ഇപ്പോഴും അവിടെ സ്ത്രീകളില്ല. ഞാനിപ്പോൾ കുറേ കാലങ്ങളായിട്ട് സംഘടനയിൽ ഒരു മുഖ്യ സ്ഥാനത്തില്ല, അതുകൊണ്ട് എനിക്കറിയില്ല. അദ്ദേഹത്തിന്റെ ആ പ്രസംഗം കഴിഞ്ഞതോടുകൂടി 53 പേരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ‘സാറേ, സിനിമ ചെയ്യണം, ഞങ്ങൾ സാറിനോടൊപ്പമുണ്ട്’ എന്ന് പറഞ്ഞപ്പോൾ അന്ന് ഞാൻ എന്റെ രാജി കത്ത് കൊടുത്തു. 2018ൽ ഞാൻ ഈ സംഘടനയിൽ നിന്ന് പോവുകയാണെന്ന് പറഞ്ഞ് രാജിക്കത്ത് കൊടുത്തു. 2023-ൽ ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ഇലക്ഷൻ വന്നപ്പോൾ ആർട്ടിസ്റ്റുകൾ എല്ലാവരും കൂടെ എന്റെ വീട്ടിൽ വന്നു. ‘ചേച്ചി, ഇത്രയും വർഷങ്ങളായിട്ട് ഡബ്ബിങ് അസോസിയേഷൻ മരിച്ചതിന് തുല്യമായിരിക്കുന്നു. ചേച്ചി തിരിച്ചുവരണം’ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ‘ഞാൻ രാജി വച്ചതാണ്. എനിക്കിനി അങ്ങോട്ട് വരാൻ യാതൊരു ഇഷ്ടവുമില്ല’ എന്ന് പറഞ്ഞപ്പോൾ, ‘ഇല്ല, ചേച്ചിയുടെ രാജി സ്വീകരിച്ചിട്ടില്ല’ എന്നാണ് പറഞ്ഞത്. അങ്ങനെ അവരുടെയൊക്കെ നിർബന്ധപ്രകാരം ഞാൻ സംഘടനയുടെ തിരഞ്ഞെടുപ്പിലേക്ക് സഹായിക്കാനായി പോയി.
ഞാനൊരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല. ഇപ്പോഴും ഞാൻ ഫെഫ്കയുടെയോ ഡബ്ബിങ് അസോസിയേഷന്റെയോ ഔദ്യോഗികമായ ഒരു സ്ഥാനത്തും ഇല്ല. മറ്റേത് ഞാൻ നേരത്തെ വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു, 2018ൽ രാജി വയ്ക്കുമ്പോൾ. പിന്നീട് ഞാൻ സംഘടനയുടെ കാര്യങ്ങളിൽ ഒന്നും ഇടപെട്ടിട്ടില്ല. പിന്നെ ഹേമകമ്മറ്റി റിപ്പോർട്ട് വന്നപ്പോൾ, കുറെ അധികം സ്ത്രീകളുടെ പ്രശ്നങ്ങൾ കണ്ട് ബി. ഉണ്ണികൃഷ്ണൻ എന്നെ വിളിച്ച് ‘വരണം, സംസാരിക്കണം’ എന്ന് പറഞ്ഞു. അവിടെ അന്ന് കുറെ സംഭവങ്ങളൊക്കെ നടന്നു. കുറെ അധികം സ്ത്രീകളുമായി ഞാൻ ഒരു പത്രസമ്മേളനം വിളിച്ചു. അതൊക്കെ കഴിഞ്ഞു സ്ത്രീകളുടെ പ്രശ്ന പരിഹരിക്കാനായി ഒരു വുമൺ ഫോറം രൂപീകരിച്ചു. അതിന്റെ ചെയർപേഴ്സൺ ആയിരുന്നു ഞാൻ. അവിടെ ചെറിയ ചെറിയ സ്ത്രീകളുടെ പരാതികൾ വന്നിരുന്നു. അതെല്ലാം സംസാരിച്ച് തീർക്കുന്നുണ്ടായിരുന്നു.
പിന്നീട് തൊഴിൽപരമായ ഒരു സ്ത്രീയുടെ പരാതി എന്റെ അടുത്ത് വന്നു. ആ സ്ത്രീയുടെ പരാതി കേൾക്കണം എന്ന് ഞാൻ പറഞ്ഞു. പക്ഷേ, ആ പരാതി കേൾക്കാൻ പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. അതിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങളുണ്ടായി. ഇത് മൂന്നുമാസം മുൻപത്തെ സംഭവമാണ്. അപ്പോഴേ എനിക്ക് തോന്നി, ‘അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ അല്ലെങ്കിൽ സ്ത്രീകളുടെ വിഷയം ഇവർ കേൾക്കുന്നില്ലേ’ എന്ന്. നമ്മൾ ഇവരുടെ നിരന്തരമായ വാദങ്ങളുമായി പോരാടിക്കൊണ്ടേയിരിക്കണം. ഭൂരിഭാഗം പേരും അവിടെ പുരുഷന്മാരാണ്. അവിടെ ജനറൽ കൗൺസിലിൽ എടുക്കുന്ന തീരുമാനമാണ് അന്തിമ തീരുമാനം. അങ്ങനെ ഞാൻ അന്ന് തന്നെ, മൂന്നുമാസം മുമ്പ് തന്നെ, ഈ വുമൺ ഫോറം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആ വിഷയവും ഇതുവരെ പുറത്തൊന്നും വന്നിട്ടില്ല. ഇപ്പോഴും ആ രാജി സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
ഇന്നലെ വിധി വന്ന അടുത്ത നിമിഷം തന്നെ സെക്രട്ടറി പറയുന്നു: ‘ആരോപണവിധേയന്റെ അപേക്ഷ കിട്ടിയാൽ അടുത്ത സെക്കൻഡ് തന്നെ പരിഗണിക്കും’ എന്ന്. പക്ഷേ, അങ്ങനെയല്ല പറയേണ്ടിയിരുന്നത്. ‘അപേക്ഷ കിട്ടിയാൽ ജനറൽ കൗൺസിലിൽ വയ്ക്കും, അവിടെ തീരുമാനമെടുക്കും’ എന്നാണ്. ദിലീപ് ഒരു സംവിധായകൻ അല്ലെന്നാണ് ഞാൻ അറിയുന്നത്. അദ്ദേഹം സഹസംവിധായകരുടെ സംഘടനയിലാണ് ഉള്ളത്. സംവിധായകരുടെ സംഘടനയിൽ അദ്ദേഹം ഉണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടായാലും അദ്ദേഹത്തെ സ്വീകരിക്കുമ്പോൾ ആ സംഘടനയുടെ അഭിപ്രായമാണ് പറയേണ്ടത്. അല്ലാതെ ഫെഫ്കയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയല്ല പറയേണ്ടത്. ആ സംഘടനയാണ് അദ്ദേഹം സംഘടനയിൽ വേണമോ വേണ്ടയോ എന്ന് പറയുന്നത്.
ഇപ്പോൾ എന്റെ സംഘടനയാണെങ്കിൽ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സംഘടനയാണ്. ഈ സംഘടനയിലേക്ക് ഒരാൾക്ക് മെമ്പർഷിപ്പ് വേണം എന്ന് പറഞ്ഞാൽ, ഞാൻ പറഞ്ഞാൽ തരാൻ ഞങ്ങളുടെ ബൈലോയിൽ അധികാരമില്ല. അതാത് സംഘടനകൾക്കാണ് അതിന്റെ പരമാധികാരം. അസോസിയേഷനിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സംഘടനയിലെ ആളുകളാണ്. അതൊന്നും നോക്കാതെ സ്വന്തമായി ഒരു അഭിപ്രായം ഇദ്ദേഹം പറഞ്ഞതിൽ തീർച്ചയായും എനിക്ക് പ്രതിഷേധമുണ്ട്.’’
















