കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ലൈംഗിക പീഡനക്കേസിൽ നിർബന്ധിത ഗർഭച്ഛിദ്രത്തിന് സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രണ്ടാം പ്രതി ജോബി ജോസഫ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. രാഹുലിന്റെ അടുത്ത സുഹൃത്തും അടൂർ സ്വദേശിയുമായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഗർഭച്ഛിദ്രം നടത്താനുള്ള ഗുളിക യുവതി ആവശ്യപ്പെട്ടതനുസരിച്ച് എത്തിച്ചുനൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജോബി ജോസഫിന്റെ പ്രധാന വാദം. ഈ മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.
ഇതിന് തെളിവായി, ഇതുമായി ബന്ധപ്പെട്ട ചാറ്റ് വിവരങ്ങളും ജോബി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിർബന്ധിത ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് ജോബി ജോസഫിനെതിരെ കേസെടുത്തത്.
പരാതിക്കാരി പോലീസിന് നൽകിയ 20 പേജുള്ള മൊഴിയിൽ, ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും ഇത് രാഹുലിന്റെ സുഹൃത്തായ ജോബിയാണ് എത്തിച്ചു നൽകിയതെന്നും പറയുന്നു. ഗുളിക കഴിച്ച വിവരം രാഹുൽ വീഡിയോ കോളിലൂടെ വിളിച്ച് ഉറപ്പാക്കിയിരുന്നുവെന്നും മൊഴിയിൽ ചൂണ്ടിക്കാട്ടുന്നു.
വലിയമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക പീഡനം, നിർബന്ധിത ഭ്രൂണഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, കേസിന്റെ വസ്തുതകൾ പൂർണ്ണമായി പരിഗണിക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.
















