കാസർഗോഡ് ബോവിക്കാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചു ബഹളമുണ്ടാക്കിയതായും പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായും പരാതി. ഇന്നലെ മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം യുപി സ്‌കൂളില്‍ ആണ് സംഭവം നടക്കുന്നത്.
പോളിങ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണ്‍ മദ്യപിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത്. പ്രിസൈഡിങ് ഓഫിസറും നെല്ലിക്കുന്ന് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയുമായ അനസൂയയാണ് ഇയാൾ മദ്യപിച്ച എത്തിയെന്നുള്ള കാര്യം ഇന്‍സ്‌പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചത്.
ഉടൻ തന്നെ ഇൻസ്‌പെക്ടർ സ്ഥലത്തെത്തുകയും അനസൂയയുടെ മൊഴി എടുക്കുകയും ചെയ്തു. ഒരാൾ മുണ്ടും ഷർട്ടും ധരിച്ചു ബൂത്തിലേക്ക് പെട്ടന്ന് കയറിവരികയും ആരാണെന്ന് തിരക്കിയപ്പോഴാണ് പോലീസ് ആണെന്ന് മറുപടി പറയുകയും ചെയ്തത് എന്നും , പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത്?’ എന്ന് തിരിച്ചു ചോദിച്ചതായും ഉദ്യോഗസ്ഥ മൊഴി നൽകി.
കൂടാതെ വൈദ്യപരിശോധന നടത്തണമെന്നും യൂണിഫോം ധരിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ വസ്ത്രം മാറ്റി വരാം എന്നു പറഞ്ഞു കാറിൽ കയറി അവിടെനിന്ന് പോകുകയുമായിരുന്നെനും അനസൂയ മൊഴി നൽകി. ഇയാൾക്കെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
















