എഐ-അധിഷ്ഠിത സാങ്കേതികവിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യുഎസ് ടി, പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
ഔഡി ഗ്രൂപ്പിന്റെ ഭാഗമായ ലംബോർഗിനിയുടെ സഹസ്ഥാപനമായ ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കികൊണ്ടുള്ള കരാറിലാണ് യുഎസ് ടി ഒപ്പുവച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ ഇറ്റാൽഡിസൈനിന്റെ തന്ത്രപരമായ പങ്കാളിയായും കമ്പനിയുടെ സുപ്രധാന ഉപഭോക്താവായും ഔഡി തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇറ്റാൽഡിസൈനിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിലൂടെ, യുഎസ് ടിയുടെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹന വികസന സങ്കേതങ്ങൾ, ഡിജിറ്റൽ ആവാസവ്യവസ്ഥ, ഡിസൈൻ എന്നിവയിലെ വൈദഗ്ധ്യവും ഇറ്റാൽഡിസൈനിന്റെ വാഹന രൂപകൽപ്പന, എഞ്ചിനീയറിംഗ്, പ്രോട്ടോടൈപ്പിംഗ്, ചെറുകിട സീരീസുകളുടെ ഉൽപ്പാദനം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് എന്നിവയിലെ മികവും സംയോജിപ്പിക്കാൻ ഈ പങ്കാളിത്തത്തിന് സാധിക്കും.
ആശയ രൂപീകരണവും രൂപകൽപ്പനയും മുതൽ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വികസനം, ഉൽപ്പാദന സങ്കേതങ്ങൾ വരെയുള്ള സമഗ്രമായ സേവനങ്ങൾ സംയോജിതമായി വാഗ്ദാനം ചെയ്യാൻ ഇരു കമ്പനികൾക്കും കഴിയും. പൂർണ്ണമായും ആധുനിക രീതിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ വാഹന വികസനം ശക്തിപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
ഇറ്റാൽഡിസൈനുമായുള്ള പങ്കാളിത്തം യുഎസ് ടിയെ മുപ്പതിലധികം രാജ്യങ്ങളിലെ അവരുടെ ആഗോള സാന്നിധ്യം വിപുലീകരിക്കാൻ പ്രാപ്തമാക്കും. പുതിയ ഭൂരിപക്ഷ ഓഹരി ഉടമ എന്ന നിലയിൽ, ഇറ്റാൽഡിസൈനിന്റെ പൈതൃകം, ഡിസൈൻ സംസ്കാരം, ജീവനക്കാരുടെ മികവ് എന്നിവ യുഎസ് ടി ശക്തിപ്പെടുത്തും.
2010 മുതൽ ഇറ്റാൽഡിസൈൻ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമാണ്. യുഎസ് ടിയും ഔഡി ഗ്രൂപ്പും തമ്മിലുള്ള കരാർ വ്യവസ്ഥാപരമായ അംഗീകാരങ്ങൾക്ക് വിധേയമാണ്. നിക്ഷേപ മൂല്യമോ മറ്റ് കരാർ വിശദാംശങ്ങളോ കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല.
“ഏറെ വർഷങ്ങളായി ഇറ്റാൽഡിസൈൻ ഞങ്ങളുടെ വികസന ശൃംഖലയിൽ ഒരു സുപ്രധാന പങ്കാളിയാണ്. പുതിയ ഉടമസ്ഥാവകാശ ഘടനയ്ക്ക് കീഴിൽ ഞങ്ങളുടെ സഹകരണം വിജയം കൈവരിക്കുകയും ശക്തമായ ഫലങ്ങൾ നൽകുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്. പുതിയ വിപണി അവസരങ്ങൾ തുറക്കുന്നതിനൊപ്പം ഇറ്റാൽഡിസൈനിന്റെ ഉറച്ച അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പങ്കാളിയാണ് യുഎസ് ടി,” ഔഡി എ ജി ടെക്‌നിക്കൽ ഡെവലപ്‌മെന്റ് ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗമായ ജെഫ്രി ബൂക്കോ അഭിപ്രായപ്പെട്ടു.
“പുതിയ അധ്യായത്തിനു തുടക്കമാകുന്ന ഈ അവസരത്തിൽ, യുഎസ് ടിയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് ഞങ്ങൾ കൃതാർത്ഥരാണ്. ഇറ്റാൽഡിസൈനിന്റെ ദർശനത്തെ പിന്തുണയ്ക്കുക, അതിന്റെ പൈതൃകത്തെ ബഹുമാനിക്കുക, ടീമിനെ വളരാൻ സഹായിക്കുന്ന പുതിയ കഴിവുകൾ കൊണ്ടുവരിക എന്നിവയാണ് ഞങ്ങളുടെ പങ്ക്,” യുഎസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര വ്യക്തമാക്കി.
“പുതിയ വിപണികളിലെ സേവനങ്ങളെ ദ്രുതഗതിയിൽ വികസിപ്പിക്കാനും വിവിധ അന്താരാഷ്ട്ര വിപണികളിൽ ആഴത്തിലുള്ള വ്യാപനം കൈവരിക്കാനും ഇറ്റാൽഡിസൈനെ ഈ കരാർ അനുവദിക്കും.
ഓട്ടോമോട്ടീവ് മേഖലയിലും മറ്റ് ഉയർന്ന സാങ്കേതിക വ്യാവസായിക മേഖലകളിലും ലോകമെമ്പാടുമുള്ള ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും ആദ്യത്തെ പൂർണ്ണ സംയോജനക്കാരാകാൻ ഇറ്റാൽഡിസൈൻ ലക്ഷ്യമിടുന്നു,” ഇറ്റാൽഡിസൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണിയോ കാസു പറഞ്ഞു.
ഈ ഏറ്റെടുക്കൽ മൊബിലിറ്റി മേഖലയിൽ പരിവർത്തനം സാധ്യമാക്കാനുള്ള യുഎസ് ടിയുടെ കാഴ്ചപ്പാടാണ് പ്രതിഫലിക്കുന്നതെന്ന് യുഎസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിൽറോയ് മാത്യു പറഞ്ഞു. “ മികവുറ്റ ഡിസൈൻ സാധ്യതകളുടെയും നൂതന ഡിജിറ്റൽ എഞ്ചിനീയറിംഗിന്റെയും ഈ സംയോജനം ഞങ്ങളെ ഓട്ടോമോട്ടീവ് നവീകരണത്തിന്റെ മുൻനിരയിൽ നിർത്തുകയാണ്. സോഫ്റ്റ്‌വെയർ-അധിഷ്ഠിത വാഹന യുഗത്തിൽ അവയുടെ പരിണാമം ത്വരിതപ്പെടുത്തുന്നതിന് ആഗോളതലത്തിലുള്ള ഒറിജിനൽ എക്വിപ്മെന്റ് നിർമ്മാതാക്കളുമായി ഞങ്ങൾ ഒരുമിച്ച് സഹകരിച്ചു പ്രവർത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
















