എറണാകുളം മലയാറ്റൂരിൽ 19-കാരിയായ ഏവിയേഷൻ വിദ്യാർഥിനി ചിത്രപ്രിയയെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന പ്രതി അലന്റെ മൊഴി പോലീസ് തള്ളിക്കളയുന്നു. ചിത്രപ്രിയയുടെ ഫോണിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ വിലയിരുത്തൽ.
കൊല്ലപ്പെടുന്നതിന് മുൻപ് ‘നിന്നെ കൊല്ലും’ എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ പ്രതിയായ അലൻ ചിത്രപ്രിയയ്ക്ക് അയച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചിത്രപ്രിയക്ക് മറ്റു ബന്ധങ്ങളുണ്ടോ എന്ന സംശയമാണ് ഭീഷണികൾക്ക് പിന്നിലെന്നും പോലീസ് പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. അന്വേഷണം ഊർജിതമാക്കിയതായി എറണാകുളം റൂറൽ പോലീസ് മേധാവി എം.ഹേമലത അറിയിച്ചു.
ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയായിരുന്ന ചിത്രപ്രിയ, അലനുമായുള്ള ബന്ധം ഏറെക്കുറെ അവസാനിപ്പിച്ച ശേഷമാണ് പഠനത്തിനായി പോയത്. എന്നാൽ, അതിനുശേഷവും അലൻ ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും മറ്റു സുഹൃത്തുക്കളെ ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു.
അയ്യപ്പൻ വിളക്ക് ആഘോഷത്തിനും വടകരയിലെ ബന്ധുവീട്ടിലെ പിറന്നാൾ ആഘോഷത്തിനുമായി നാട്ടിലെത്തിയതായിരുന്നു ചിത്രപ്രിയ. ഉടൻതന്നെ ബെംഗളൂരുവിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് ഈ ക്രൂരകൃത്യം നടന്നത്.
സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ പരസ്പരം അറിയാവുന്നവരായിരുന്നു ചിത്രപ്രിയയും അലനും. ഈ സൗഹൃദം പിന്നീട് വഴിമാറുകയും ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്തു.
പ്രശ്‌നങ്ങൾ രൂക്ഷമായതോടെ വീട്ടിലേക്ക് വരരുതെന്ന് ചിത്രപ്രിയയുടെ വീട്ടുകാർ അലനോട് വിലക്കിയ സാഹചര്യവുമുണ്ടായി. ഇതിനു പിന്നാലെയാണ് ചിത്രപ്രിയ പഠനത്തിനായി ബെംഗളൂരുവിലേക്ക് പോയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ കാണാതായത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ വീടിന് ഒന്നര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമായാണ് അലൻ ചിത്രപ്രിയയെ വിളിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് കരുതുന്നത്. നിലവിൽ അലനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
















