സ്വന്തം പാർട്ടിയിലെ ആരോപണവിധേയർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ആർഎംപി നേതാവ് കെ.കെ.രമ എംഎൽഎ. രാഷ്ട്രീയപരമായ ലാഭത്തിനുവേണ്ടി സ്ത്രീകൾ ഉപയോഗിക്കപ്പെടുകയാണെന്നും, അതിനാൽ സ്ത്രീകൾക്ക് അനുകൂലമായ പ്രസ്താവനകൾ അതിനുശേഷം മതിയാകുമെന്നും ഒഞ്ചിയം നെല്ലാച്ചേരി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രമ തുറന്നടിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർഎംപിക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്നും കെ.കെ.രമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏറാമല, ഒഞ്ചിയം, അഴിയൂർ, ചോറോട് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ആർഎംപിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, തൃശൂർ കുന്നംകുളം, കോഴിക്കോട് ഉൾപ്പെടെ പല സ്ഥലങ്ങളിലും ആർഎംപി മത്സരിക്കുന്നുണ്ട്.
ഈ മേഖലകളിലെല്ലാം സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ സമീപനങ്ങൾക്കും ഭരണവിരുദ്ധ മനോഭാവത്തിനുമെതിരെ ചിന്തിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ആർഎംപിക്കും യുഡിഎഫിനും വേണ്ടി വോട്ട് ചെയ്യുമെന്നാണ് രമയുടെ നിരീക്ഷണം.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് കൃത്യവും ശക്തവുമാണെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൻ്റെ പേരിൽ സ്ത്രീകൾ യുഡിഎഫിന് എതിരായ നിലപാട് സ്വീകരിക്കാൻ സാധ്യതയില്ല. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ നടത്തിയ പ്രസ്താവന കോൺഗ്രസ് അതിശക്തമായി തള്ളിപ്പറഞ്ഞതിനെയും അവർ എടുത്ത് പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനം അത് തള്ളിപ്പറഞ്ഞതോടെ, ആ പ്രസ്താവനയെ ഒരു വ്യക്തിയുടെ അഭിപ്രായമായി മാത്രമേ കണക്കാക്കാനാകൂ എന്നും കെ.കെ.രമ വ്യക്തമാക്കി.
















