കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 30ാമത് പതിപ്പിന് ഇന്ന് തലസ്ഥാനത്ത് തിരശീല ഉയരും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള പുസ്തകം ‘കരുണയുടെ ക്യാമറ’ സാംസ്കാരിക മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നൽകി പ്രകാശിപ്പിക്കും. ഡെയിലി ബുള്ളറ്റിൻ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് കൈമാറി പ്രകാശനം നിർവഹിക്കും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥ് സാംസ്കാരിക മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങും. രാജീവ് നാഥ്നെക്കുറിച്ച് അക്കാദമി തയ്യാറാക്കിയ ‘തണൽ’ പുസ്തകം ടി കെ രാജീവ് കുമാർ കെ. മധുവിന് നൽകി പ്രകാശനം ചെയ്യും.
ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. മധുപാൽ, ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് എന്നിവർ പങ്കെടുക്കും.
ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്ന ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ ആണ് ഉദ്‌ഘാടന ചിത്രം. 98ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ഉദ്ഘാടനശേഷം സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 2017ൽ ഐഎഫ്എഫ്കെയുടെ സുവർണ ചകോരം പുരസ്കാരം നേടിയ ജാസിറിന്റെ ‘വാജിബ്’ എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.
















