2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കായി അനുകൂല സാഹചര്യം ഒരുക്കുന്നതിനായി ഇൻഡ്യാന സംസ്ഥാനത്തെ രണ്ട് ജില്ലകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് കനത്ത തിരിച്ചടി.
സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 31–19 എന്ന നിലയിൽ ട്രംപിന്റെ നീക്കം പരാജയപ്പെട്ടു. പകുതിയിലേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾക്കൊപ്പം ചേർന്നാണ് നീക്കത്തെ പരാജയപ്പെടുത്തിയത്.
സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള രണ്ടു മണ്ഡലങ്ങൾ ഇല്ലാതാക്കാൻ രൂപകൽപ്പന ചെയ്തതാണ് പുതിയ ഭൂപടമെന്ന് സെനറ്റ് അംഗങ്ങൾ ആരോപിച്ചു. പുതിയ അതിർത്തി അംഗീകരിക്കാൻ ഇൻഡ്യാന സെനറ്റ് അംഗങ്ങളുടെമേൽ ട്രംപ് കനത്ത സമ്മർദം ചെലുത്തിയിരുന്നു.
പുതിയ ഭൂപടത്തെ എതിർക്കുന്നവർക്കെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എതിരാളികളെ പിന്തുണയ്ക്കുമെന്ന് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാക്കളും ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
















