ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരം ധർമ്മേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഡൽഹിയിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിൽ ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനി കണ്ണീരടക്കാനാവാതെ വിങ്ങിപ്പൊട്ടി. ഈ വേർപാട് തനിക്ക് താങ്ങാനാവാത്ത ദുഃഖവും ഞെട്ടലുമാണ് നൽകിയതെന്നും, ലോകത്തിന് അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണെന്നും അവർ വികാരഭരിതയായി പറഞ്ഞു.
ജൻപഥിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലായിരുന്നു പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചത്. പ്രസംഗത്തിനിടെ ഹേമ മാലിനിക്ക് വാക്കുകൾ മുറിഞ്ഞപ്പോൾ മക്കളായ ഈഷാ ഡിയോളും അഹാന ഡിയോളും അടുത്തെത്തി അവരെ ആശ്വസിപ്പിച്ചു.
”ലോകം മുഴുവൻ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു, എന്നാൽ എനിക്കിത് താങ്ങാനാവാത്ത ദുഃഖമാണ്. കാലത്തെ അതിജീവിച്ച ഒരു പങ്കാളിയുടെ വേർപാട്,” കണ്ണീർ തുടച്ചുകൊണ്ട് ഹേമ മാലിനി പറഞ്ഞു. “ധർമ്മേന്ദ്രയുടെ മരണം ആർക്കും ആശ്വസിപ്പിക്കാൻ കഴിയാത്തത്ര ദുഃഖവും ഞെട്ടലുമാണ് ഉണ്ടാക്കിയത്.”
ധർമ്മേന്ദ്രയുടെ നടക്കാതെ പോയ സ്വപ്നത്തെക്കുറിച്ചും ഹേമ മാലിനി പ്രാർത്ഥനാ യോഗത്തിൽ വെളിപ്പെടുത്തി. “കാലക്രമേണ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഒരു മറഞ്ഞിരുന്ന ഭാഗം പുറത്തുവന്നു – അദ്ദേഹം ഉർദു കവിതകൾ എഴുതാൻ തുടങ്ങിയപ്പോൾ. ഏത് സാഹചര്യത്തിലും കവിത എഴുതാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷമായ കഴിവ്.
ഞാൻ പലപ്പോഴും അദ്ദേഹത്തോട് കവിതകൾ ഒരു പുസ്തകമാക്കാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹം അതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല,” ഹേമ കൂട്ടിച്ചേർത്തു.
സിനിമകളിൽ പ്രണയ രംഗങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് തന്റെ ജീവിത പങ്കാളിയായതെന്നും, തങ്ങളുടെ പ്രണയം സത്യമായിരുന്നുവെന്നും ഹേമ മാലിനി ഓർമ്മിച്ചു. “ഞങ്ങളുടെ പ്രണയം സത്യമായിരുന്നതിനാൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങൾ വിവാഹിതരായി. അദ്ദേഹം വളരെ അർപ്പണബോധമുള്ള പങ്കാളി ആയിരുന്നു. അദ്ദേഹം എനിക്ക് പ്രചോദനവും ശക്തമായ പിന്തുണയും നൽകി ഓരോ നിമിഷവും എന്റെ കൂടെ നിന്നു,” അവർ പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, കിരൺ റിജിജു, എംപിയായ കങ്കണ റണാവത്ത് എന്നിവരടക്കം നിരവധി പ്രമുഖർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.
















