ലോകമെമ്പാടുമുള്ള കാൽപന്തുകളി ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലേക്ക്. രാജ്യത്തെ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് താരം ഈ ശനിയാഴ്ച കൊൽക്കത്തയിൽ വിമാനമിറങ്ങും. ‘GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) ഇന്ത്യ ടൂർ 2025’ എന്ന് പേരിട്ടിട്ടുള്ള ത്രിദിന സന്ദർശനത്തിൽ നാല് പ്രധാന നഗരങ്ങളിലെ വിവിധ പരിപാടികളിൽ മെസ്സി പങ്കെടുക്കും.
ആരാധകർക്ക് മെസ്സിയെ നേരിൽ കാണാനും കൈകൊടുക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ഇത്തവണ അവസരമുണ്ട്. എന്നാൽ ഇതിനായി വലിയൊരു തുക മുടക്കേണ്ടതുണ്ട്. 10 ലക്ഷം രൂപയാണ് ഈ പ്രീമിയം ടിക്കറ്റിന്റെ നിരക്ക്. ഈ ഉയർന്ന നിരക്കിലുള്ള പാക്കേജ് സ്വന്തമാക്കുന്ന 100 പേർക്ക് മാത്രമായിരിക്കും ഈ സുവർണ്ണാവസരം ലഭിക്കുക.
ഇതിനായുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മറ്റു പരിപാടികൾക്കായുള്ള ടിക്കറ്റ് നിരക്കുകൾ കൊൽക്കത്തയിൽ 4,500 രൂപ മുതലും മുംബൈയിൽ 8,250 രൂപ മുതലുമായിരിക്കും. സ്പോർട്‌സ് പ്രമോട്ടറായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ഈ വിപുലമായ പര്യടനം സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ ഏകദേശം 1:30 ഓടെ കൊൽക്കത്തയിലാണ് മെസ്സിയുടെ വിമാനം ആദ്യം എത്തുക. നിലവിലെ ക്ലബ്ബായ ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടാകും. കൊൽക്കത്തയിലെ പരിപാടികൾക്ക് ശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംഘം ഹൈദരാബാദിലേക്ക് തിരിക്കും.
അവിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ മെസ്സി മുംബൈയിലെത്തും. അവസാന ദിവസം, അതായത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന മെസ്സി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങും.
മെസ്സിയുടെ ഇന്ത്യാസന്ദർശനത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ ഫുട്ബോൾ പ്രേമം അലതല്ലുകയാണ്. ലേക്ക് ടൗൺ ഏരിയയിൽ ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഭീമൻ മെസ്സി പ്രതിമയാണ് പ്രധാന ആകർഷണം. തറ ഉൾപ്പെടെ 70 അടി ഉയരമുള്ള ഈ നിർമിതി ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമയാണെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ഏറ്റുവാങ്ങുന്ന സന്തോഷമുള്ള നിമിഷമാണ് പ്രതിമയിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ശില്പി മോണ്ടി പോളിന്റെ നേതൃത്വത്തിൽ 45 അംഗ സംഘം 27 ദിവസം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. ബംഗാൾ കായികമന്ത്രി സുജിത് ബോസാണ് ഈ സംരംഭത്തിന് പിന്നിൽ. മെസ്സി തന്നെ ഓൺലൈനിലൂടെ ഈ പ്രതിമ അനാച്ഛാദനം ചെയ്യും.
















