ന്യൂഡൽഹി: വിരമിക്കൽ പിന്‍വലിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. 2028 ലോസ് ഏഞ്ചൽസ് ഒളിംപിക്സിൽ സ്വർണ്ണ മെഡൽ ലക്ഷ്യമിട്ടാണ് ഫോഗട്ട് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ വർഷം പാരീസ് ഒളിംപിക്സ് സ്വർണ്ണമെഡൽ യോഗ്യത മത്സരത്തിൽ അയോഗ്യയാക്കപ്പെട്ട ശേഷം താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം അടുത്ത ദിവസം ഫോഗട്ട് രാഷിട്രീയ പ്രവേശനം നടത്തിയിരുന്നു. തന്റെ ഗുസ്തി ജീവിതത്തെക്കുറിച്ച് ആലോചിക്കാൻ സമയം വേണമെന്ന് അന്ന് ഫോഗട്ട് പറഞ്ഞിരുന്നു. പാരീസ് ഒളിംപിക്സ് അവസാനമാണോ എന്ന് പലരും തന്നോട് ചോദിക്കാറുണ്ട്. അന്നൊന്നും തനിക്ക് അതിനൊരു ഉത്തരം ഉണ്ടായിരുന്നില്ല. കളത്തിൽ നിന്നുമാത്രമല്ല, പ്രതീക്ഷകളിൽ നിന്നും, തന്റെ തന്നെ സന്തോഷങ്ങളിൽ നിന്നുപോലുമുള്ള മാറിനിൽക്കലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം എനിക്കിന്ന് സമാധാനമായി ശ്വസിക്കാൻ കഴിയുന്നുണ്ട്. എന്നാണ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചശേഷം പറഞ്ഞത്.
തന്റെ യാത്രയുടെ ഭാരവും ത്യാഗങ്ങളും, ഹൃദയഭേദകമായ അനുഭവങ്ങളും, സമ്മർദ്ധവും, ലോകം ഒരിക്കലും കാണാത്ത തന്റെ തന്നെ പതിപ്പിനെയും മനസ്സിലാക്കാൻ ഈ സമയം എടുത്തു. അതിൽ നിന്നും താൻ മനസ്സിലാക്കിയ കാര്യം തന്റെയുള്ളിൽ ഇന്നും ഗുസ്തിയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഓരാൾ ജീവിക്കുന്നുണ്ട് എന്ന് ഫോഗട്ട് വെള്ളിയാഴ്ച്ച എക്സിൽ കുറിച്ചു.
ഇപ്പോഴും അണയാത്ത ഒരു തീ തന്റെയുള്ളിലുണ്ട്, ഈ ബഹളത്തിനും ക്ഷീണത്തിനുമിടയിൽ അതൊളിഞ്ഞിരിക്കുകയായിരുന്നു. അതിൽ നിന്നും എത്ര ദൂരത്തേയ്ക്ക് മാറി നടന്നാലും എന്റെയൊരു ഭാഗം ഇപ്പോഴും കളത്തിലുണ്ട്. തലകുനിക്കാൻ തയ്യാറാകാത്ത മനസ്സും ഹൃദയവുമായി എൽ എ 28-ൽ ഞാനുണ്ടാകും, എന്നാൽ ഇത്തവണ ഞാൻ തനിച്ചല്ല എന്റെ ഏറ്റവും വലിയ പ്രചോദനും പ്രോൽസാഹനവുമായി എനിക്കൊപ്പം എന്റെ മകനുമുണ്ടാകും. എന്നും അവർ എക്സിൽ കൂട്ടിച്ചേർത്തു.
















