അമേരിക്കൻ ഐക്യനാടുകളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രൗൺ സർവകലാശാലാ കാമ്പസിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. റോഡ് ഐലൻഡിലെ ഈ സർവകലാശാലയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. നിരവധി പേർക്ക് വെടിയേറ്റതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സർവകലാശാലാ അധികൃതർ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈകീട്ട് 4.15-ഓടെയാണ് വിദ്യാർഥികൾക്കും ജീവനക്കാർക്കും ജാഗ്രതാനിർദേശം നൽകിയത്.
എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലിടണമെന്നും നിർദേശമുണ്ടായിരുന്നു. ഈ സമയത്ത് കാമ്പസ് പൂർണമായും അടച്ചുപൂട്ടി.
ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ, അക്രമിയെ കസ്റ്റഡിയിലെടുത്തതായി സർവകലാശാലാ അധികൃതർ സന്ദേശം നൽകിയിരുന്നു. ഏകദേശം അഞ്ചുമണിയോടെയായിരുന്നു ഈ അറിയിപ്പ്. എന്നാൽ, അധികം വൈകാതെ തന്നെ അധികൃതർ ഈ പ്രസ്താവന തിരുത്തുകയായിരുന്നു.
അക്രമി ഇപ്പോഴും ഒളിവിൽ തുടരുകയാണെന്ന് പിന്നീട് പോലീസ് മാധ്യമങ്ങളോട് വിശദീകരിച്ചു.
സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരണം അറിയിച്ചു. വെടിവെപ്പിനെക്കുറിച്ച് എഫ്.ബി.ഐ. ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
പോലീസിനെ ഉദ്ധരിച്ച് അക്രമിയെ കസ്റ്റഡിയിലെടുത്തതായി ട്രംപും ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാൽ, പോലീസ് പ്രസ്താവന തിരുത്തിയതിനെ തുടർന്ന് അക്രമി കസ്റ്റഡിയിൽ ഇല്ലെന്ന് ട്രംപും പിന്നീട് സ്ഥിരീകരിച്ചു.
റോഡ് ഐലൻഡ് പോലീസ് മാധ്യമങ്ങളോട് സംസാരിക്കവെ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാമ്പസിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്നും അക്രമിക്കായി വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
















