നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. അതിജീവിതയുമായി ദിലീപിന് ഹൃദ്യമായ ബന്ധമല്ലായിരുന്നെങ്കിലും, സിനിമാ മേഖലയിൽ നിന്ന് അവരെ ഇല്ലാതാക്കാൻ മാത്രം ശത്രുതയുണ്ടായിരുന്നില്ല എന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.
മഞ്ജു വാരിയരുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനെ തുടർന്നുള്ള ശത്രുതയാണ്, അതിജീവിതയെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകാൻ ദിലീപിനെ പ്രേരിപ്പിച്ചത് എന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപിനെ കേസുമായി ബന്ധിപ്പിക്കാൻ പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ച തെളിവുകളെല്ലാം കോടതി തള്ളിക്കളഞ്ഞു.
അതിജീവിത ഒരു അച്ചടി മാധ്യമത്തിന് നൽകിയ അഭിമുഖമായിരുന്നു ദിലീപിന് ശത്രുതയുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിച്ചത്.
ദിലീപിനെ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
താരങ്ങളുടെ റിഹേഴ്‌സൽ ക്യാമ്പ് നടന്ന ഹോട്ടൽ അബാദ് പ്ലാസയിലെ ദിലീപ് താമസിച്ച 410-ാം നമ്പർ മുറിയിൽ പൾസർ സുനി എത്തിയതിന് തെളിവുകളില്ല. തൃശ്ശൂർ ഹോട്ടൽ ജോയ്‌സ് പാലസ്, ജോർജേട്ടൻസ് പൂരം ലൊക്കേഷൻ, തൃശ്ശൂർ ടെന്നീസ് അക്കാദമി, തൊടുപുഴ ശാന്തിഗിരി കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ ദിലീപും പൾസർ സുനിയും ഗൂഢാലോചനയുടെ ഭാഗമായി കണ്ടുമുട്ടി എന്ന പ്രോസിക്യൂഷൻ വാദവും തെളിയിക്കാനായില്ല.
കൂടാതെ, പൾസർ സുനി ജയിലിൽ നിന്ന് എഴുതിയതായി പറയുന്ന കത്തും തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ചശേഷം പൾസർ സുനി ദിലീപിനെ അന്വേഷിച്ച് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ എന്ന ബുട്ടിക്കിൽ എത്തിയതിനും തെളിവില്ല. അതിക്രമം നടന്ന ദിവസം ദിലീപ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന വസ്തുതയ്ക്ക് കേസുമായി ബന്ധമുള്ളതായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സംഭവത്തിനുശേഷം ദിലീപിന്റെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതകൾ മാത്രം കേസുമായി ബന്ധിപ്പിക്കുന്ന തെളിവാണെന്ന പ്രോസിക്യൂഷൻ നിലപാടും കോടതി തള്ളി.
അതേസമയം, കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലെങ്കിലും, 2017 ജൂലായ് 10-ന് ദിലീപിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പറയാനാകില്ലെന്നും കോടതി വിലയിരുത്തി.
















