കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കേണ്ടതായിരുന്നെന്നും ദൗർഭാഗ്യകരമെന്നു പറയട്ടെ ഫലം വ്യത്യാസമായെന്നും സിപിഎം നേതാവ് ഇ.പി.ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്തിന് ബിജെപി ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തു കൊണ്ട് ഇത്തരം ഫലം ഉണ്ടായി എന്ന് വിശദമായി പരിശോധിക്കും. തെറ്റുണ്ടെങ്കിൽ തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി 50 സീറ്റ് നേടി.
കോർപറേഷനിൽ ജനങ്ങൾക്കായി എന്തു നടപടിയാണ് ബിജെപി സ്വീകരിച്ചതെന്നു ജയരാജൻ ചോദിച്ചു. ബിജെപി എങ്ങനെയാണ് അവിടെ ജയിച്ചു വന്നത്? ജനോപകാരപ്രദമായ നടപടികൾ സ്വീകരിച്ചിട്ടാണോ? തികച്ചും വർഗീയമായ ചേരിതിരിവ് എൽഡിഎഫിനെതിരെ ബിജെപി നടത്തി. എൽഡിഎഫ് ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് ഭൂരിപക്ഷത്തിന് ഇടയിൽ പ്രചാരണം നടത്തി. ഇടതുപക്ഷ വിരുദ്ധ വർഗീയ ധ്രുവീകരണം രൂപപ്പെടുത്തി.
















