കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടിയാണുണ്ടായത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളില്‍ പോലും ജോസ് കെ മാണി വിഭാഗത്തിന് അടിതെറ്റി.
ഇടതുപാളയത്തില്‍ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫ് മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന സ്വപ്നം മുന്നണി നേതാക്കള്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.
യുഡിഎഫ് വിട്ടുപോയവര്‍ ചിന്തിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ വാക്കുകള്‍ ജോസ് കെ മാണിക്കുള്ള കൃത്യമായ ക്ഷണമാണ്. എന്നാല്‍ ഈ വാക്കുകള്‍ അവർ സ്വീകരിക്കുമോ തള്ളിക്കളയുമോ എന്നാണ് ഇനി അറിയാനുള്ളത്.
മടക്കത്തിനുള്ള സമയമിതാണെന്ന് കെപിസിസി അധ്യക്ഷന്‍ പറയുമ്പോള്‍ എന്താവും കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്തിമ തീരുമാനമെന്നറിയാനുള്ള കാത്തിരിപ്പില്‍ കൂടിയാണ് രാഷ്ട്രീയ കേരളം.
പാലായടക്കം പ്രധാന ശക്തികേന്ദ്രങ്ങളെല്ലാം നഷ്ടപ്പെട്ടതിനൊപ്പം ജോസ് കെ മാണിയുടെ വാര്‍ഡിലും മന്ത്രി റോഷി അഗസ്റ്റിന്റെ വാര്‍ഡിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി ഉണ്ടാകുമെന്ന ജോസ് കെ മാണിയുടെ ഉറപ്പാണ് ഇതിലൂടെ പാഴായത്.
















