ശബരിമല: ശബരിമലയിൽ അരവണ വിതരണത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരു ഭക്തന് പരമാവധി 20 ടിൻ അരവണ മാത്രമേ നൽകുകയുള്ളൂ. ഇതുസംബന്ധിച്ച അറിയിപ്പ് അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുകൾ സ്ഥാപിച്ച് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചിട്ടുണ്ട്.
അരവണ വിതരണം ചെയ്യാൻ ആവശ്യമായ ബോക്സുകളുടെ ക്ഷാമമാണ് നിയന്ത്രണത്തിന് കാരണം. പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തരാണ് കൂടുതലായി അരവണ വാങ്ങുന്നതെന്നും, കൂടുതലായി വാങ്ങുമ്പോൾ ബോക്സിൽ പാക്ക് ചെയ്ത് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും ദേവസ്വം ബോർഡ് വ്യക്തമാക്കി.
നേരത്തെ സ്റ്റോർ ചെയ്തിരുന്ന അരവണയിൽ നിന്ന് ഇപ്പോൾ പ്രതിദിനം ഏകദേശം ഒരു ലക്ഷം ടിൻ വീതം വിതരണം ചെയ്യുകയാണ്. ഇത്തരത്തിൽ വിൽപ്പന തുടരുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ അരവണ വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ബോർഡ് പ്രകടിപ്പിച്ചു.
സാധാരണ സാഹചര്യത്തിൽ ഒരുദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, ഇപ്പോൾ നാല് ലക്ഷം ടിൻ വരെ വിറ്റഴിക്കുന്ന സാഹചര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
















