വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും മനോഹരമായ കാഴ്ചകളും കൊണ്ട് നിറഞ്ഞ രാജ്യമാണ് ക്രൊയേഷ്യ. ദ്വീപുകളുടെ നാട് എന്നണ് ക്രൊയേഷ്യ അറിയപ്പെടുന്നത്. അവധിക്കാല യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഇടം കൂടിയാണ് ക്രൊയേഷ്യ. സുന്ദരമായ ബീച്ചുകളും കടലും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും രാത്രി പാര്‍ട്ടികളും ഈ രാജ്യത്തുണ്ട്.
അഡ്രിയാറ്റിക് കടലിന്റെ കിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന ക്രൊയേഷ്യയുടെ മനോഹാരിതയിൽ കടലിനും വലിയ പങ്കുണ്ട്. ആയിരത്തിലധികം ദ്വീപുകളാണ് ഇവിടെയുള്ളത് പക്ഷെ ആള്‍ത്താമസമുള്ളത് കേവലം 47 ദ്വീപുകളിൽ മാത്രം. ക്രൊയേഷ്യയുടെ മൊത്തം വിസ്തൃതിയുടെ 5.6% മാത്രമാണ് ജനവാസമുള്ള ദ്വീപുകൾ.
ചരിത്രപ്രാധാന്യമുള്ള ക്രൊയേഷ്യയിലെ നഗരമാണ് ഡുബ്രോവ്‌നക്. യുനെസ്‌കോ പൈതൃകപട്ടികയിലും ഇവിടം ഉള്‍പ്പെട്ടിട്ടുണ്ട്. പുരാതന വാസ്തുവിദ്യയുടെ നിരവധി കാഴ്ചകള്‍ ഇവിടെ കാണുവാൻ കഴിയും. ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള ടി.വി സീരീസുകളില്‍ ഡുബ്രോവ്‌നകിലെ നിര്‍മിതികൾ ചിത്രീകരിച്ചിരിക്കുന്നതായി കാണാം. അഡ്രിയാറ്റിക്കിലെ രത്‌നം എന്ന വിളിപ്പേരും ഈ ചരിത്രനഗരത്തിനുണ്ട്.
ലാവെണ്ടര്‍ ദ്വീപെന്നാണ് ഹ്വാറിന്റെ മറ്റൊരു പേര്. മുന്തിരിപ്പാടങ്ങളും ലാവെണ്ടര്‍ തോട്ടങ്ങളും ആകാശത്തിന് അതിരിടുന്ന പ്രദേശം. അതിഥികൾക്ക് അഭിനയവും നാടകവും ഇഷ്ടമാണെങ്കില്‍ യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള പബ്ലിക് തിയേറ്ററും സന്ദര്‍ശിക്കാം.1612ലാണ് ഈ തിയേറ്റര്‍ പണിതത്.
ക്രൊയേഷന്‍ തലസ്ഥാനമായ സാഗ്രബ് ചരിത്രത്തിന്റേയും ആധുനികതയുടേയും മിശ്രിതമാണ്. പഴയ നഗരം മ്യൂസിയങ്ങളാലും ആര്‍ട്ട് ഗാലറികളാലും നിറഞ്ഞിരിക്കുമ്പോള്‍ കഫേകളും പബ്ബുകളുമൊക്കെയായി പുതിയ സാഗ്രബ് ആധുനികതയുടെ ആഘോഷത്തിലാണ്. ടോമിസ്ലാവ് സ്‌ക്വയറും സാഗ്രബ് പള്ളിയുമാണ് ഇവിടുത്തെ പ്രധാന ചരിത്രപ്രാധാന്യമുള്ള കാഴ്ചകള്‍.ശാന്തമായി കടല്‍കാറ്റേറ്റ് ബിയറും നുണഞ്ഞ് തീരത്ത് വിശ്രമിക്കാനാണ് ആഗ്രഹമെങ്കില്‍ സ്പ്ലിറ്റ് തെരഞ്ഞെടുക്കാം. ക്രൊയേഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ചുകളില്‍ പലതും തീരനഗരമായ സ്പ്ലിറ്റിന് സ്വന്തം. രാവേറുംവരെ സജീവമായ ബാറുകളും പ്രാദേശികമായി നിര്‍മിക്കുന്ന മദ്യം ആസ്വദിക്കാനാവുന്ന, ദിവസം മുഴുവന്‍ കാഴ്ചകളുള്ള വൈനറികളും ഇവിടെയുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള വേനല്‍ക്കാലമാണ് ക്രൊയേഷ്യ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
















