മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് മയൂരി. കുറച്ച് സിനിമകളിലാണ്താരം അഭിനയിച്ചിട്ടുള്ളത്. മയൂരി എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പരിചയം ‘ആകാശ ഗംഗ’യിലെ ഗംഗയെ ആണ്. ആകാശ ഗംഗയെ അതിസുന്ദരിയായ യക്ഷി. ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ താരം ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ ‘സമ്മർ ഇൻ ബത്‌ലഹേം’ റീറിലീസ് സമയത്ത് വേദനയോടെ ഓർത്തുപോകുന്ന മുഖമാണ് നടി മയൂരിയുടേതെന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. മൂവി വേൾഡ് ഒറിജിനൽസിനു നൽകിയ അഭിമുഖത്തിൽ ആണ് സംവിധായകൻ മനസുതുറന്നത്.
‘‘മയൂരിയുടെ മരണം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു. വളരെ പാവം കുട്ടിയായിരുന്നു മയൂരി. ഒരു പ്രശ്നങ്ങൾക്കുമില്ല. വളരെ സൈലന്റായ കുട്ടി’’.–സിബി മലയിൽ പറയുന്നു.
ബാലതാരമായാണ് മയൂരി കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മയൂരിയ്ക്ക് എട്ട് വയസ്സായിരുന്നു. പിന്നീട് ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിലൂടെയാണ് മലയാളത്തിലെത്തുന്നത്. ‘ആകാശഗംഗ’, ‘അരയന്നങ്ങളുടെ വീട്’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2005ലായിരുന്നു മയൂരിയുടെ മരണം. തന്റെ 22ാം വയസിലാണ് മയൂരി ലോകത്തോട് വിട പറഞ്ഞത്.
നടി വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മരിക്കുന്നതിനു മുൻപ് നടി സഹോദരന് അയച്ച കത്തും ഏറെ ചർച്ചയായിരുന്നു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് താൻ പോകുന്നതെന്നുമാണ് കത്തിൽ എഴുതിയിരുന്നത്.
















