മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. ‘നമ്മൾ’ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് ഇതര ഭാഷകളിലും നായികയായി തിളങ്ങിയ താരമാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകൾ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധികളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ഭാവന. തന്റെ ജീവിതത്തിലുണ്ടായ ആ കുറ്റകൃത്യത്തിനെതിരെ പരാതിപ്പെട്ടപ്പോൾ അതിന്റെ പേരിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ താൻ കേൾക്കേണ്ടിവന്നുവെന്നാണ് ഭാവന പറയുന്നത്. ആ സമയം എങ്ങനെയാണ് തരണം ചെയ്തതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും താരം കൂട്ടിചേർത്തു. ‘അൽതു വ്ലോഗ്സ്’ എന്ന ചാനൽ പുറത്തുവിട്ട വീഡിയോ കാണാം.
‘എന്റെ ലൈഫ് എന്നെ അങ്ങനെ കൊണ്ടു പോയതാണ്. എനിക്ക് അതിൽ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലായിരുന്നു. എന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. അതിനെതിരെ ഞാന്‍ അപ്പോള്‍ തന്നെ പരാതിപ്പെട്ടു. അതിന്റെ പേരില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നു. ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ പലരും പറഞ്ഞു. ഒരാള്‍ക്കും ഇതൊന്നും ഉണ്ടാകാന്‍ പാടില്ല.
നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്‌നം ഉണ്ടായി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും അടിച്ചു താഴെയിടാന്‍ നോക്കുകയാണ്. ആ ഒരു സമയമെന്ന് പറയുന്നത് ഇപ്പോള്‍ ആലോചിച്ച് നോക്കിയാല്‍ എങ്ങനെയാണ് തരണം ചെയ്തതെന്ന് എനിക്കറിയില്ല. ഓരോരുത്തരുടെ ലൈഫിലും അങ്ങനെ ഓരോ അനുഭവങ്ങള്‍ വരുമ്പോള്‍ തനിയെ പഠിക്കുന്നതാണ്. എനിക്ക് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. എനിക്ക് വേണ്ടി ഞാന്‍ തന്നെ പോരാടിയേ പറ്റൂ. അല്ലാതെ എനിക്ക് പകരം നിങ്ങള്‍ കോടതിയില്‍ പൊയ്‌ക്കോളൂ എന്ന് പറയാന്‍ പറ്റില്ല.
അപ്പോഴും ഞാന്‍ വിചാരിക്കുന്നത് ലോകത്ത് എന്റെ കാര്യത്തില്‍ മാത്രമല്ല അനീതി നടക്കുന്നത്, എനിക്കെതിരെ മാത്രമല്ല ആക്രമണവും നടക്കുന്നത്. ഇതിനു പറ്റാത്ത എത്രയോ ആളുകളുണ്ട്. എന്റെ കാര്യം പുറത്തു വന്നതുകൊണ്ട് മാത്രമാണല്ലോ ആളുകള്‍ക്ക് ഞാന്‍ ബോള്‍ഡും ധീരയുമെല്ലാം ആകുന്നത്. ഇതിന് പറ്റാത്ത എത്രയോ ആളുകള്‍ നമുക്കുചുറ്റുമുണ്ട്.
എന്റെ ഫാമിലിയും ഫ്രണ്ട്‌സും അടങ്ങുന്നൊരു സപ്പോര്‍ട്ട് സിസ്റ്റം എനിക്കുണ്ട്. അതുകൂടികൊണ്ടാണ് എനിക്കിതിനുള്ള ധൈര്യം കിട്ടിയത്. അല്ലാതെ പെട്ടന്നൊരു ദിവസം ബോൾഡായതല്ല ഞാന്‍. ഒരുപാട് ബ്രേക്ഡൗണ്‍സും ഒക്കെ ഉണ്ടാകുന്ന സാധാരണ മനുഷ്യനാണ് ഞാനും.”
















