ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. പദ്ധതിയുടെ പേരിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ചൊവ്വാഴ്ച ബിൽ സഭയിൽ അവതരിപ്പിച്ചത്.
നിലവിലെ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ എന്ന പേര് ഇനിമുതൽ ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ (വിബിജിരാം- ജി)’ എന്നാക്കി മാറ്റാനാണ് ബിൽ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച്, പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ലോക്‌സഭയിൽ നിന്ന് ഇറങ്ങി വന്ന പ്രതിപക്ഷ എംപിമാർ മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളുമായാണ് പാർലമെൻ്റ് വളപ്പിലെ ഗാന്ധി സ്മാരകത്തിലേക്ക് മാർച്ച് നടത്തിയത്. ഗാന്ധിയുടെ പേര് മാറ്റാനുള്ള നീക്കം ആർഎസ്എസ്സിൻ്റെയും സംഘപരിവാറിൻ്റെയും അജണ്ടയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണഘടനയിൽ ദേശീയ ചിഹ്നങ്ങളെയും ദേശീയ സമരവുമായി ബന്ധപ്പെട്ട പേരുകളെയും അപമാനിക്കരുതെന്ന് പറയുന്ന സാഹചര്യത്തിൽ, പേര് മാറ്റുന്നതിൻ്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
തൊഴിൽ ദിനങ്ങൾ കൂട്ടാനുള്ള ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഏകദേശം 2500 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്ന് എൻ.കെ. പ്രേമചന്ദ്രനും കെ.സി. വേണുഗോപാലും കുറ്റപ്പെടുത്തി.
പേര് മാറ്റത്തിനെതിരെ ബുധനാഴ്ച രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി രാജ്യത്തുടനീളം വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി യു.പി.എ. സർക്കാർ 2005-ൽ പാർലമെൻ്റ് പാസാക്കിയ നിയമപ്രകാരമാണ് ഈ പദ്ധതി നിലവിൽ വന്നത്. 2006-ൽ ഇത് നടപ്പാക്കിത്തുടങ്ങി. 2009-ലാണ് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ഈ പദ്ധതിക്ക് ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ എന്ന് പേര് നൽകിയത്. 2005-ൽ കൊണ്ടുവന്ന പദ്ധതിയുടെ ഇരുപതാം വാർഷികത്തിലാണ് അതിൻ്റെ പേരും രൂപവും സ്വഭാവവും മാറ്റാനുള്ള പുതിയ ബിൽ കേന്ദ്രം അവതരിപ്പിച്ചത്.
















