വയനാട് പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു. പുളിക്കല്‍ മേഖലയില്‍ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്. കടുവയെ തുരത്തുകയോ കൂട്ടിലാക്കുകയോ ചെയ്യുന്ന ദൗത്യമാണ് ഇന്ന് രാവിലെ നടക്കുക.
തെർമൽ ഡ്രോൺ ഉപയോഗിച്ച് കടുവയെ കണ്ടെത്തിയ ശേഷം കാടുകയറ്റാൻ ഉള്ള നീക്കം തുടങ്ങും. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വയസ്സുള്ള ആൺ കടുവയാണ് മേഖലയിലുള്ളത്. കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാൽ ആ മാർഗവും തേടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്.
ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ അവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം,അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച്ച ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.
















