സിനിമ-സീരിയൽ നടനും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ഷിജു എ ആറും ഭാര്യ പ്രീതി പ്രേമും വിവാഹമോചിതരായി. നീണ്ട 17 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് തിരശ്ശീല വീണത്. നടൻ തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും നല്ല സുഹൃത്തുക്കളായി തുടരാൻ തന്നെയാണ് തീരുമാനമെന്നും താരം അറിയിച്ചു.
‘‘ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വിവരം ഇതിനാൽ അറിയിക്കുന്നു. പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. തികഞ്ഞ പക്വതയോടും ധാരണയോടും കൂടിയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ പുതിയ യാത്രയിൽ നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും സഹകരണത്തിനും നന്ദി. ഷിജു എ.ആർ.’’– ഷിജുവിന്റെ വാക്കുകൾ.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായ ഷിജു, ബിഗ് ബോസ് സീസൺ 5-ലൂടെയാണ് കുടുംബപ്രേക്ഷകർക്കിടയിൽ വീണ്ടും വലിയ തരംഗമായത്. ഷോയിൽ തന്റെ കുടുംബത്തെക്കുറിച്ചും മകളെക്കുറിച്ചും ഷിജു വാചാലനാകാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നുണ്ടായ ഈ വാർത്ത ആരാധകരെ ഒരേസമയം ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിരാമമായത് 17 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ്. പ്രീതിയുടെയും ഷാജുവിന്റെയും പ്രണയവിവാഹമായിരുന്നു. കുവൈത്ത് എയര്‍വെയ്സിലെ എയര്‍ ഹോസ്റ്റസും ഭരതനാട്യം ഡാന്‍സറുമാണ് പ്രീതി . ഇരുവരും രണ്ട് മതത്തിൽപെട്ടവരായിരുന്നതിനാൽ ഏറെ എതിർപ്പുകൾക്കൊടുവിലായിരുന്നു വിവാഹം. മുസ്കാൻ എന്നാണ് മകളുടെ പേര്.
















