ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് ആദരവുമായി ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. സിയേറയുടെ താക്കോല്‍ വിതരണ ചടങ്ങ് ഔദ്യോഗികമായി നടക്കുക ജനുവരിയിലാണെന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു.
World champions India make an appearance at the Tata event! 😎💙#CricketTwitter pic.twitter.com/QeMzXwBs2O
— Female Cricket (@imfemalecricket) December 16, 2025
വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിനിധികള്‍ക്കും സിയേറക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. ചിത്രത്തില്‍ ടാറ്റ സണ്‍സ് ആന്റ് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ മോട്ടോഴ്‌സ് എംഡി ശൈലേഷ് ചന്ദ്ര എന്നിവരും ഉണ്ട്. ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് ടാറ്റ പുറത്തിറക്കിയ സിയേറ ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയിട്ടേയുള്ളൂ. അതിനിടെയാണ് ലോകജേതാക്കളായതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ചൂടന്‍ സമ്മാനമായി ക്രിക്കറ്റ് ടീമിന് സിയേറ ലഭിക്കുന്നത്.
ഇന്ത്യന്‍ കാര്‍ വിപണിയിലെ ഐതിഹാസിക മോഡലാണ് ടാറ്റയുടെ സിയേറ. ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത 1991 മുതല്‍ 2000 വരെ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന ടാറ്റ സിയേറ 25 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് 2025ല്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്നത്. ഫീച്ചറുകളിലും ഡിസൈനിലും വന്‍ മാറ്റങ്ങളോടെയാണ് ന്യൂജെന്‍ സിയേറയുടെ വരവ്. രണ്ട് സിയേറകളെ നേരിട്ട് കൂട്ടിയിടിപ്പിക്കുന്ന വിഡിയോയുമായാണ് സിയേറയുടെ സുരക്ഷയെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. പിന്നീട് ഇന്‍ഡോറിലെ നാറ്റ്‌റാക്‌സില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെ 29.9 കീലോമീറ്റര്‍ വരെ ഇന്ധനക്ഷമത നേടിക്കൊണ്ടും സിയേറ ഞെട്ടിച്ചു.
കാബിനിലെ ആഡംബര ഫീച്ചറുകളുടെ കാര്യത്തിലും സിയേറ ഒട്ടും പിന്നിലല്ല. മൂന്ന് ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേകള്‍. ഒന്ന് ഡ്രൈവര്‍ക്കും രണ്ടെണ്ണം ഇന്‍ഫോടെയിന്‍മെന്റിനും. ടാറ്റ കര്‍വില്‍ നിന്നുള്ള 4 സ്‌പോക്ക് സ്റ്റീറിങ് വീല്‍, ടച്ച്‌സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍, 12 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, സോണിക് ഷാഫ്റ്റ് സൗണ്ട്ബാര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്ത്യയില്‍ തന്നെ ലഭ്യമായ ഏറ്റവും വലിയ പനോരമിക് സണ്‍ റൂഫ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, പിന്നില്‍ വിന്‍ഡോ സണ്‍ഷെയ്ഡുകള്‍, വെന്റിലേറ്റഡ് ആന്റ് ഇലക്ട്രിക്ക് മുന്‍സീറ്റുകള്‍ എന്നിങ്ങനെ പോവുന്നു ഉള്ളിലെ സൗകര്യങ്ങള്‍.
ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ സിയേറയിലുള്ളത്. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി വ്യു ക്യാമറ, ഡ്യുവല്‍ ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷന്‍, ഇഎസ്പി എന്നിങ്ങനെ പോവുന്നു സുരക്ഷാ ഫീച്ചറുകള്‍. സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകളും സീറ്റ്‌ബെല്‍റ്റ് ആങ്കര്‍ പ്രീടെന്‍ഷനേഴ്‌സും, കുട്ടികള്‍ക്കായി ISOFIX സീറ്റുകളും, ത്രീ പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകളും സുരക്ഷയൊരുക്കുന്നു.
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് 108പിഎസ് കരുത്തും പരമാവധി 145എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മാനുവല്‍/ ഡിസിഎ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് 160 പിഎസ് കരുത്തും 255എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍. 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 116എച്ച്പി കരുത്തും പരമാവധി 280എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 11.49 ലക്ഷം രൂപ മുതല്‍ 21.29 ലക്ഷം രൂപ വരെയാണ് ടാറ്റ സിയേറയുടെ എക്‌സ് ഷോറൂം വില.
















