മുംബൈ: 98 -ാമത് ഓസ്‌കാര്‍ അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയിൽ ഇടംപിടിച്ച് ഹിന്ദി ചിത്രം ‘ഹോംബൗണ്ട്’. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായിട്ടാണ് നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരിക്കുന്നത്.
വിദേശ ഭാഷ വിഭാഗത്തില്‍ വിവിധ രാജ്യങ്ങളിൽ നിന്നും 15 സിനിമകളാണ് ഇടം നേടിയത്. 2025 ൽ കാൻ ഫിലിം ഫെസ്റ്റിവലിലും ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിൽ പീപ്പിൾസ് ചോയ്‌സ് ഇന്റർനാഷ്ണൽ അവാർഡും ചിത്രം നേടി.
സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വടക്കേ ഇന്ത്യയിലെ ചെറിയൊരു ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ‘ഹോംബൗണ്ട്’. പൊലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുന്ന രണ്ടു മതത്തിൽപ്പെട്ട സുഹൃത്തുക്കളും, തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളുമാണ് ചിത്രം പറയുന്നത്.
ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. ബെനെഡിക്റ്റ് ടെയ്‌ലറും നരേന്‍ ചന്ദാവര്‍ക്കറും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
പന്ത്രണ്ടോളം കാറ്റഗറികളുടെ ഷോര്‍ട്ട്‌ലിസ്റ്റാണ് ഓസ്‌കാര്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. അർജന്റീനയുടെ ‘ബെലെൻ’, ബ്രസീലിന്റെ ‘ദ് സീക്രട്ട് ഏജന്റ്’, ഫ്രാൻസിന്റെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’, ജർമനിയുടെ ‘സൗണ്ട് ഓഫ് ഫാളിങ്’, ഇറാഖിന്റെ ‘ദ് പ്രസിഡന്റ്സ് കേക്ക്’, ജപ്പാന്റെ ‘കൊകുഹോ’, ജോർദാനിന്റെ ‘ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു’, നോർവേയുടെ ‘സെന്റിമെന്റൽ വാല്യു’, പലസ്തീന്റെ ‘പലസ്തീൻ 36’, ദക്ഷിണ കൊറിയയുടെ ‘നോ അദർ ചോയ്സ്’, സ്പെയിനിന്റെ ‘സിറത്ത്’, സ്വിറ്റ്സർലൻഡിന്റെ ‘ലേറ്റ് ഷിഫ്റ്റ്’, തായ്‌വാന്റെ ‘ലെഫ്റ്റ് ഹാൻഡഡ് ഗേൾ’, ടുണീഷ്യയുടെ ‘ദ് വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്നിവയും പുരസ്‌കാരത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ ഔദ്യോഗിക പട്ടിക അടുത്ത വർഷം ജനുവരി 22ന് പ്രഖ്യാപിക്കും. മാർച്ച് 15നാണ് 98-ാമത് ഓസ്‌കാര്‍ പുരസ്കാരം.
















