ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിന് ഭാര്യയെയും തന്റെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. താഹിറ മക്കളായ ആഫ്രീന സെഹ്‌റിന എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. കൊലപാതകം നടന്ന ഒരാഴ്ചക്ക് ശേഷം ആണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.
ഡിസംബർ 10-ന് ഫാറൂക്കും ഭാര്യയും തമ്മിൽ തർക്കം ഉണ്ടായി. തർക്കം മൂത്തപ്പോൾ താഹിറ സ്വന്തം വീട്ടിലേക്ക് പോയി. ഈ സമയത്ത് ബുർഖയോ നിഖാബോ അവർ ധരിച്ചിരുന്നില്ല. ഇത് ഭർത്താവിനെ ദേഷ്യം പിടിപ്പിച്ചു.
താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതിനെച്ചൊല്ലി വഴക്കിടുകയും അവസാനം അത് ഒരു കൂട്ടക്കൊല ആകുകയും ചെയ്യുകയായിരുന്നു. താഹിറയെയും മക്കളെയും അഞ്ച് ദിവസമായി കാണാനില്ലെന്ന ഫറൂഖിന്റെ പിതാവ് പോലീസിനെ വിവരം അറിയിക്കുകയും ഇതിൽ എന്തോ ദുരൂഹത ഉണ്ടെന്ന് പറയുകയും ചെയ്തു.
തുടർന്ന് പോലീസ് ഫാറൂഖിനെ ചോദ്യം ചെയ്തു. ആദ്യം ഇയാൾ കുറ്റം എല്ലാം നിഷേധിക്കുകയും പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ ഫാറൂഖ് തളർന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവെച്ച് കൊന്നതായും ഇളയ മകൾ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി.
കക്കൂസ് നിർമ്മാണത്തിനായി നേരത്തെ കുഴിച്ച കുഴിയിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായും ഇതിനാലാണ് ഇത്രയും ദിവസം ആയിട്ടും സംഭവം പുറത്തുവരാതിരുന്നതെന്നും അയാൾ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഇയാളുമായി സംഭവ സ്ഥലത്തു എത്തുകയും കുഴി എടുക്കുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
















