ലൈംഗിക അതിക്രമ കേസിൽ മുൻ എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. വിധി വരുന്നതു വരെ അറസ്റ്റ് വേണ്ടെന്നാണു പൊലീസിന്റെ തീരുമാനം.
ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനാണു കോടതി നിശ്ചയിച്ചതെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകൾ പ്രകാരമാണ് കുറ്റകൃത്യം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















