തമിഴിലെ യുവസംവിധായകൻ ഫയർ കാർത്തിക് അണിയിച്ചൊരുക്കുന്ന നിഗൂഢതകൾ നിറഞ്ഞ ചിത്രം “എം.ജി. 24” ഡിസംബർ അവസാനം റിലീസിനൊരുങ്ങുന്നു. ജെ.ആർ. സിനി വേർസിക്കു വേണ്ടി ഡോ. കെ. രാജേന്ദ്രൻ അവതരിപ്പിച്ച്, ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും മറ്റ് ഭാഷകളിലും പ്രദർശനത്തിനെത്തും.

എം.ജി.ആറിന്റെ കടുത്ത ആരാധകനായ നിർമ്മാതാവ് ജയപാൽ സ്വാമിനാഥൻ, ചിത്രത്തിന്റെ പൂജാ ചടങ്ങുകളും ഷൂട്ടിംഗിന്റെ തുടക്കവും എം.ജി.ആറിന്റെ കൊല്ലങ്കോട് വടവന്നൂരുള്ള അമ്മ വീട്ടിൽ വെച്ച് നടത്തിയെന്ന പ്രത്യേകതയുമുണ്ട്. ഈ ആദരസൂചകമായി തന്നെയാണ് ചിത്രത്തിന് “എം.ജി. 24” എന്ന് പേരിട്ടതും.
നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം, അവരിൽ ഒരാളുടെ ദുഃഖം മാറ്റുന്നതിനായി കോങ്ങാട് പട്ടണത്തിലെ മന്നൻ ഗോമാൻ 24 (എം.ജി. 24)-ന്റെ വീട്ടിലേക്ക് നടത്തുന്ന യാത്രയും, അവിടെ അവർക്ക് മുന്നിൽ തുറക്കപ്പെടുന്ന വിസ്മയകരവും ഭയപ്പെടുത്തുന്നതുമായ നിഗൂഢ ലോകവുമാണ് ദൃശ്യവൽക്കരിക്കുന്നത്.

ആ യാത്ര അവരെ പുതിയ മനുഷ്യരാക്കി മാറ്റുന്നു. പ്രണവ് മോഹനൻ, ജസ്റ്റിൻ വിജയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി താരം ജയശ്രീ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സ്വേത നടരാജ്, എം. ധനലക്ഷ്മി, ആട്ടോ ചന്ദ്രൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ബി. ബാലാജി, നവീൻകുമാർ എന്നിവർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നവീൻകുമാറും, സംഗീതം സദാശിവ ജയരാമനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന “എം.ജി. 24” പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
















