ദിലീപ് ചിത്രം ‘ഭഭബ’യ്ക്ക് എങ്ങും മികച്ച പ്രതികരണം. ‘ദിലീപിന്റെ ശക്തമായ തിരിച്ചുവരവ്, അഴിഞ്ഞാട്ടം.., ലോജിക് ഇല്ല എന്ന പ്രസ്താവനയോട് നൂറു ശതമാനവും നീതി പുലർത്തിയ ഒരു സിനിമ…, റെഫെറെൻസുകളുടെ അയ്യരുകളി .., വെടിച്ചില്ല് കോംബോ…’ എന്നെല്ലാമാണ് ആരാധകരുടെ അഭിപ്രായങ്ങൾ.
വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമൊക്കെ നിറഞ്ഞാടിയ ആദ്യ പകുതി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ടാഗ്ലൈൻ സൂചിപ്പിക്കുന്നതുപോലെ ലോജിക്ക് തരിമ്പും ഇല്ലാത്ത മുഴുനീള മാഡ്നെസ്സ് ആണ് ഫസ്റ്റ് ഹാഫ് എന്ന് പ്രേക്ഷകർ പറയുന്നു. രണ്ടാം പകുതിയിലാണ് മോഹൻലാലിന്റെ എൻട്രി ഉണ്ടാവുക.
ദിലീപിന്റെ പെർഫോമൻസും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. ഇന്റർവെൽ ഫൈറ്റും പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ആരാധകർക്ക് വേണ്ടിയുള്ള ഫാൻസ് ഷോ രാവിലെ 8 മണിക്ക് ആരംഭിച്ചിരുന്നു. തിയറ്ററുകളിൽ ദിലീപ് ആരാധകരുടെ ആഘോഷ പ്രകടനങ്ങളും നടക്കുകയാണ്.
ചിത്രം റിലീസിന് മുൻപ് തന്നെ റെക്കോർഡ് ടിക്കറ്റ് വിൽപന നടത്തിയിരുന്നു. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബ സംവിധാനം ചെയ്തത്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
















