ബംഗ്ലാദേശിൽ ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിര നേതാവായിരുന്ന ഷരീഫ് ഒസ്മാൻ ഹാദിയുടെ ദുരൂഹ മരണത്തെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. തലസ്ഥാനമായ ധാക്കയിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടു. നിരവധി സ്ഥാപനങ്ങൾക്കും മാധ്യമ ഓഫിസുകൾക്കും നേരെ ആക്രമണമുണ്ടായി.
പ്രതിഷേധം അക്രമാസക്തമായതോടെ നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. അവാമി ലീഗുമായി ബന്ധമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണങ്ങൾ. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ‘ഡെയ്‌ലി സ്റ്റാർ’, ‘പ്രഥം ആലോ’ എന്നിവയുടെ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് അക്രമികൾ തീയിട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ ഏറെ പ്രയാസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. പ്രതിഷേധക്കാർ ഈ സമയം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്.
2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘ഇൻക്വിലാബ് മഞ്ച്’ വക്താവായിരുന്നു 32 വയസ്സുകാരനായ ഷരീഫ് ഒസ്മാൻ ഹാദി. കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ വെച്ച് അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്ന നേതാവായിരുന്നു ഇദ്ദേഹം. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ഹാദി മരണത്തിന് കീഴടങ്ങിയത്.
ഹാദിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധം ഇന്ത്യൻ വിരുദ്ധ വികാരത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനകളുണ്ടായി. കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നുവെന്ന് ആരോപിച്ചുകൊണ്ട് ബുധനാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാർ ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഓഫിസിനു മുന്നിൽ തടിച്ചുകൂടി. കൊലയാളികളെ തിരിച്ചെത്തിക്കുന്നത് വരെ ഹൈക്കമ്മിഷൻ ഓഫിസ് അടച്ചുപൂട്ടണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ധാക്കയെ കൂടാതെ ചിറ്റഗോങ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ വൻതോതിൽ പോലീസിനെയും പാരാമിലിട്ടറി സേനാംഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.
















