‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിച്ചു. ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
അയ്യപ്പ ഭക്തിഗാനത്തെ മോശമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണപാത സംരക്ഷണസമിതി നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. ഇതിന് പിന്നാലെ ഈ പാട്ടിനെതിരെ നിരവധി പരാതികൾ വന്നിരുന്നു.
എന്നാൽ നേരത്തെ എടുത്ത കേസുകൾ പിൻവലിക്കാനും തുടർ നടപടികൾ വേണ്ടെന്നുവെക്കാനും ആണ് സർക്കാർ തീരുമാനം. കോടതിയിൽ തിരിച്ചടി ലഭിച്ചേക്കുമെന്ന വിലയിരുത്തലാണ് സർക്കാരിനെ മാറ്റിച്ചിന്തിപ്പിച്ചത്.
പരാതിയിൽ സർക്കാർ കേസ് എടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തിരുന്നു.
















