കേരളത്തിലെ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഗർഭിണിയായ സ്ത്രീയോടും കുടുംബത്തോടും പോലീസ് നടത്തിയ ക്രൂരമായ അതിക്രമം പിണറായി വിജയൻ പോലീസിൻ്റെ തനിനിറം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിസ്സാര കാര്യത്തിന് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ പോലീസ് മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഗർഭിണിയായ ഭാര്യയെ ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ച സംഭവം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. 2024-ൽ ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുക്കാതെ അത് ഒളിച്ചുവെച്ചു. ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
”കുറ്റവാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം,” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജയിലുകളിലെ ഗുരുതര ക്രമക്കേടുകളും സതീശൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. ക്രിമിനലുകളിൽനിന്ന് കൈക്കൂലി വാങ്ങി ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥർ ടി.പി. കേസിലെ പ്രതികളെ വരെ പരോളിൽ വിടുകയാണ്.
പണം നൽകിയാൽ കൊടും ക്രിമിനലുകൾക്ക് ജയിലിൽനിന്ന് വീട്ടിൽ പോയി ഇരിക്കാമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരല്ല, മറിച്ച് അസഹിഷ്ണുതയുള്ള ഒരു തീവ്രവലതുപക്ഷ സർക്കാരാണെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. ഒരു പാട്ട് കേൾക്കാനുള്ള സഹിഷ്ണുത പോലും ഈ സർക്കാരിനില്ല. അയ്യപ്പൻ്റെ സ്വർണം കവർന്നതിനേക്കാൾ വലിയ പ്രശ്നമായാണ് സി.പി.എം. പാരഡി ഗാനത്തെ കാണുന്നത്. പാരഡി പാട്ടിനെതിരായ സർക്കാർ നടപടി ഭരണഘടനയുടെ 19 (1) (എ) ലംഘിക്കുന്നതാണെന്നും പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകരെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എലപ്പുള്ളി ബ്രൂവറിക്ക് നൽകിയ അനുമതി റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതിപക്ഷത്തിൻ്റെ വിജയമാണെന്നും സതീശൻ പറഞ്ഞു. സുതാര്യതയില്ലാതെയും പഠനം നടത്താതെയും കൊണ്ടുവന്ന ബ്രൂവറി പദ്ധതിയേക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച അതേ കാര്യങ്ങളാണ് കോടതിയും നിരീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















