ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ നുഴഞ്ഞുകയറി 150-ഓളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമിച്ച കേസ് വിജിലൻസിന് കൈമാറി. കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിവന്ന വഞ്ചിയൂർ പോലീസിൽനിന്നാണ് കേസ് വിജിലൻസ് ഏറ്റെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സൈബർ തട്ടിപ്പിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടി.
ഭക്ഷ്യവകുപ്പിന്റെ റേഷൻകാർഡ് മാനേജിങ് സിസ്റ്റമായ (RCMS) സോഫ്റ്റ്‌വെയറിലാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫീസിലെ ഒരു ക്ലാർക്കിന്റെയും റേഷനിങ് ഇൻസ്പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തിയാണ് പ്രതികൾ വ്യാജ കാർഡുകൾക്ക് അംഗീകാരം നൽകിയത്.
വകുപ്പിന്റെ സുരക്ഷാ സംവിധാനത്തെ ചോദ്യം ചെയ്യുന്ന ഈ സംഭവം വിശദമായി അന്വേഷിക്കണമെന്ന് ഭക്ഷ്യവകുപ്പ് വിജിലൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവായത്.
കേസുമായി ബന്ധപ്പെട്ട് ബീമാപള്ളിയിലെ റേഷൻകട ലൈസൻസിയായ സഹദ് ഖാൻ, ബീമാപള്ളി ബി.എഫ്.എ. ജങ്ഷനിൽ ഓൺലൈൻ സേവനകേന്ദ്രം നടത്തുന്ന ഹസീബ് ഖാൻ എന്നിവരെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബീമാപള്ളി മേഖലയിലെ നൂറ്റിയൻപതോളം ആളുകളിൽ നിന്ന് പണം കൈപ്പറ്റിയാണ് ഇവർ മുൻഗണനാ കാർഡുകൾക്ക് ഓൺലൈൻ സംവിധാനം വഴി അംഗീകാരം നേടിയെടുത്തത്. എന്നാൽ, തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താൻ വിജിലൻസ് ഊർജിതമായ അന്വേഷണം ആരംഭിക്കും.
വ്യാജമായി നിർമിച്ച മുഴുവൻ കാർഡുകളും ഭക്ഷ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ഇതോടെ, ഈ കാർഡുകളിൽ അംഗങ്ങളായ അഞ്ഞൂറോളം പേർക്ക് കഴിഞ്ഞ രണ്ട് മാസമായി റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. റേഷൻകാർഡ് ലൈസൻസി സഹദ് ഖാന്റെ ലൈസൻസ് ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. റേഷൻകാർഡ് വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് സംഘം പരിശോധിക്കും.
















