‘ഓപ്പറേഷൻ സിന്ദൂറി’ൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ 850 പുതിയ കാമികാസെ ഡ്രോണുകൾ കൂടി വാങ്ങാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ഏകദേശം 2000 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ഈ ഡ്രോണുകൾ സൈന്യത്തിനായി വാങ്ങുന്നത്.
ഈ മാസം അവസാനം നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ ഉന്നതതല യോഗത്തിൽ ഇതിനുള്ള അനുമതി ലഭിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വാങ്ങുന്ന ഡ്രോണുകൾ മൂന്ന് സൈനിക വിഭാഗങ്ങൾക്കും പ്രത്യേക സേനകൾക്കും വീതിച്ചു നൽകും. സമീപഭാവിയിൽ മുപ്പതിനായിരത്തോളം കാമികാസെ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് തീരുമാനമെന്നും പ്രതിരോധവൃത്തങ്ങൾ എഎൻഐയോടു പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാക്കിസ്ഥാനുള്ളിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ സൈന്യം കാമികാസെ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
















