വലിയ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉന്നതരെ ലക്ഷ്യമിട്ട് പ്രത്യേക അന്വേഷണ സംഘം നീക്കം ഊർജ്ജിതമാക്കി. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാർ, കെ.പി. ശങ്കർദാസ് എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലും ഉടൻ തീരുമാനമുണ്ടാകും. ഇരുവരെയും പ്രതി ചേർക്കാത്തത് എന്താണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡിസംബർ അഞ്ചിനുശേഷം കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനനേയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളകേസിൽ സത്യസന്ധമായി അന്വേഷണം നടന്നാൽ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു.
















