ശ്രീനിവാസൻ ചേട്ടനെപ്പോലെ മറ്റൊരാൾ ഇനി ഉണ്ടാകില്ലെന്ന് നടി രോഹിണി. അദ്ദേഹം ഒരു സംവിധായകനും എഴുത്തുകാരനും നടനും ആയിരുന്നു. ശ്രീനിവാസന്റെ ഓരോ സിനിമകളും മലയാളത്തിലെ ഏറ്റവും മികവുറ്റ സൃഷ്ടികളാണെന്നും അദ്ദേഹം പകരം വയ്ക്കാനില്ലാത്ത കലാകാരനാണെന്നും നടി പറഞ്ഞു.
‘‘ശ്രീനിവാസൻ ചേട്ടന്റെ വിയോഗ വാർത്ത ഭയങ്കര ഷോക്കിങ് ആണ്. എന്തൊരു മനസ്സാണ് അദ്ദേഹത്തിന്റെത്. അദ്ദേത്തിന്റെ ചിന്തയും എഴുത്തും, അദ്ദേഹം എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം മനുഷ്യസ്വഭാവങ്ങളിലേക്കുള്ള വലിയ ഉൾക്കാഴ്ചകൾ തുറക്കുന്നത് ആയിരുന്നു. സാധാരണക്കാരന്റെ ജീവിതത്തെ കുറിച്ച് അത്രയധികം ചിന്തിച്ചിട്ടുള്ള എഴുതിയിട്ടുള്ള ഒരു കഥാകൃത്ത് ആയി അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് മാത്രമല്ല അദ്ദേഹത്തിന്റെ സംവിധാനം കാണുമ്പോൾ നമുക്ക് എപ്പോഴും വിസ്മയമാണ്.
ഒരു സെൻസ് ഓഫ് ഹ്യൂമറോടെയാണ് അദ്ദേഹം ഈ ജീവിതത്തെ കണ്ടത് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും. അദ്ദേഹം നമ്മുടെ വഴിവിളക്ക് ആയിരുന്നു, ഗുരുനാഥനായിരുന്നു നമ്മെ സാധാരണയിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം. എന്റെ അടുത്ത് തന്നെ ഒരുപാട് കഥകളൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ പറയുന്ന കഥകളൊക്കെ കേട്ടിട്ട് നീ ഇതിൽ നിന്ന് മാറി മറ്റെന്തെങ്കിലും ഒക്കെ ചിന്തിക്കണം, സാധാരണ എല്ലാവരും ചിന്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കണം എന്നൊക്കെ പറയുമായിരുന്നു. അത് മാത്രമല്ല അദ്ദേഹം ചെയ്ത സിനിമകൾ നോക്കിയാലും മലയാളത്തിലെ ഏറ്റവും മികവുറ്റ ഒരാളായിരുന്നു അദ്ദേഹം.
എന്നന്നേക്കും സിനിമ കണ്ട മഹാനായ വ്യക്തിത്വമായിരുന്നു, അദ്ദേഹത്തെപ്പോലെ എഴുതാൻ മറ്റാർക്കും കഴിയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ഒരു സംവിധായകനും എഴുത്തുകാരനും നടനും ആയിരുന്നു ശ്രീനിവാസൻ ചേട്ടനെപ്പോലെ മറ്റൊരാൾ ഇനി ഉണ്ടാകില്ല. എന്റെ ഹൃദയം ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കുകയാണ് അവരോടൊപ്പം എന്റെ ചിന്തകൾ ഉണ്ടാകും.’’– രോഹിണി പറഞ്ഞു.
















