ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് സംവിധായകൻ മണിരത്നം. നടന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമെന്ന് മണിരത്നം പറഞ്ഞു. അസാമാന്യനായ എഴുത്തുകാരനും നടനുമാണ് ശ്രീനിവാസനെന്നും അദ്ദേഹം പറഞ്ഞു.
സത്യൻ അന്തിക്കാടുമായി ചേർന്ന് മികച്ച സിനിമകളാണ് ഒരുക്കിയത്. അടയാളപ്പെടുത്തിയ സൃഷ്ടികളാണ് എല്ലാം. അദ്ദേഹത്തിൻ്റെ സൃഷ്ടികൾക്ക് മരണമില്ലെന്ന് അനുശോചിച്ച് അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമ, രാഷ്ട്രീയം വിവിധ മേഖലകളിലുള്ളവര്‍ നടൻ ശ്രീനിവാസൻ്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് കേരളത്തിന് നഷ്ടമായതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർത്ഥപൂർണ്ണമായ ഉദാഹരണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















