തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് കാരണം സംഘടനാ വീഴ്ചയെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. ചുമതലപ്പെടുത്തിയവർ ഉത്തരവാദിത്വം നിർവഹിച്ചില്ല. പല വാർഡുകളും ജയിച്ചെന്ന് പ്രതീതിയുണ്ടാക്കി പ്രവർത്തനം ഉഴപ്പിയെന്നും വിമർശനം. പലയിടങ്ങളിലും അമിതമായ ആത്മവിശ്വാസം ഉണ്ടായെന്നും പാർട്ടി വിലയിരുത്തി. 45 വർഷത്തിന് ശേഷമാണ് സിപിഐഎമ്മിന് തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടമാകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് എൽഡിഎഫ് ആണെങ്കിലും അത് വിജയത്തിലേക്ക് എത്തിയില്ല.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റിലാണ് വിലയിരുത്തൽ ഉണ്ടായത്. ഓരോ വാർഡിലും ഓരോ ഏരിയ കമ്മിറ്റി അംഗത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവർ കൃത്യമായി പ്രവർത്തിച്ചില്ല. 29 സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. സഖ്യ കക്ഷികൾക്കും കൃത്യമായി ഇടപെടൽ നടത്തി വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൂടാതെ ആര്യ രാജേന്ദ്രൻ തോൽവിക്ക് ഫാക്ടറല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
Story Highlights : CPIM district secretariat about reason for the defeat in Thiruvananthapuram Corporation
















