സൂപ്പർ താരം യഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിൽ ബോളിവുഡ് താരം കിയാരാ അദ്വാനിയും. ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ‘നാദിയ’ എന്ന പ്രധാന കഥാപാത്രമായി കിയാരാ അദ്വാനി അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
2026 മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന, പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ടോക്സിക് വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. യഷ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ, കിയാരയുടെ ഇതുവരെ കാണാത്ത ലുക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്.
സർക്കസ് പശ്ചാത്തലത്തിലുള്ളതാണ് പോസ്റ്റർ. പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ടോക്‌സിക്കിന്റെ സംവിധായിക ഗീതു മോഹൻദാസ് കിയാരയുടെ പ്രകടനത്തെ “ഒരു കലാകാരിയെ തന്നെ പുതുതായി നിർവചിക്കുന്ന തരത്തിലുള്ള പരിവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്; സിനിമയിലുടനീളം അവർ സൃഷ്ടിച്ച കഥാപാത്രം അതീവ ശക്തവും ഓർമ്മിക്കപ്പെടുന്നതുമാണെന്നും ഗീതു കൂട്ടിച്ചേർത്തു.
ചരിത്ര വിജയമായ കെജിഎഫ് : ചാപ്റ്റർ 2 പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷം യഷ് വമ്പൻ തിരിച്ചുവരവാണ് ടോക്സിക്കിലൂടെ നടത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രം ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ്ബ് പതിപ്പുകളും ഒരുക്കുന്നുണ്ട്. രാജീവ് രവി (സിനിമാറ്റോഗ്രഫി), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘത്തോടൊപ്പം, ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (John Wick)യും അൻബറിവും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു.
കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്ന് നിർമിക്കുന്ന ചിത്രം 2026 മാർച്ച് 19-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. പിആർഓ -പ്രതീഷ് ശേഖർ.
















