വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കി. സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾക്കും സാക്ഷിമൊഴികൾക്കും പുറമെ, സമീപവാസികളുടെ മൊബൈൽ ഫോണുകളിൽ നിന്നുള്ള നിർണായകമായ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ നിലവിലുള്ളതിനേക്കാൾ ശക്തമായ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു. നിലവിൽ ശേഖരിച്ച തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷം വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
അതേസമയം അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ നീക്കം തുടങ്ങി. ഇവരുടെ ബന്ധുക്കളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻ കീഴടങ്ങാൻ നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. കൊലപാതകം നടന്നതിന് പിന്നാലെ കസ്റ്റഡിയിലെടുത്തവരിൽ മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത ചിലരെ വാളയാർ പൊലീസ് വിട്ടയച്ചോ എന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ പോലീസ് വിട്ടയച്ചവർ മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിൽ പോയത് അന്വേഷണത്തിൽ പോലീസിന് വെല്ലുവിളിയായിട്ടുണ്ട്. വാളയാർ പൊലീസിന്റെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തത വരുത്തും.
കേസിൽ ഇതുവരെ അഞ്ചു പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്നുപേർ സ്റ്റേഷനിൽ നേരിട്ട് ഹാജരായവരാണെന്നും ബാക്കി രണ്ടുപേരെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
















