വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ രാം നാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍. രാം നാരായണിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരവും മനുഷ്യത്വരഹിതവുമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കുമെതിരെ കര്‍ശന നിയമനടപടി ഉറപ്പാക്കണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇക്കാര്യം കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം രാംനാരായണന്റെ മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ഇന്ന് തന്നെ വിമാനമാർഗം മൃതദേഹം രാം നാരായണിന്റെ നാട്ടിലെത്തിക്കും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്.
















