അങ്കാറ: ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ് വിമാനപകടത്തിൽ മരിച്ചു. തുർക്കി സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് വിമാനാപകടം ഉണ്ടായത്. അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രി പറന്നുയർന്ന വിമാനം പിന്നീട് ഹൈമാന മേഖലയിൽ വെച്ച് തകർന്ന് വീഴുകയായിരുന്നു. സൈനിക മേധാവിയെക്കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ മരിച്ചു.
സൈനിക മേധാവിയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നവരും വിമാനപകടത്തിൽ മരണപ്പെട്ടതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ-ഹമീദ് ദബെയ്ബ സ്ഥിരീകരിച്ചു. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി അങ്കാറയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അൽ-ഹദ്ദാദ്ദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം ഫെയ്സുബുക്കിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
തുർക്കിയും ലിബിയയും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കാനും മറ്റ് വിഷയങ്ങൾ പരിഹരിക്കുന്നതിനുമായി നടന്ന ഉന്നതതല പ്രതിരോധ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി തുർക്കിയിലെത്തിയതായിരുന്നു ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ്.
ലിബിയൻ സൈനിക മേധാവിയും സംഘവും യാത്ര ചെയ്തിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30-ന് വിമാനം ടേക്ക് ഓഫ് ചെയ്തെന്നും 40 മിനിറ്റിന് ശേഷം ബന്ധം നഷ്ടപ്പെട്ടെന്നും അധികൃതർ സ്ഥിരീകരിച്ചിരുന്നു.
















